Chunks Malayalam Movie Review in Malayalam Language

Malayalam movie chunks review

യാതൊരുവിധ ആഗ്രഹമോ കണക്കുകൂട്ടലുകളോ ഇല്ലായിരുന്നെങ്കിലും അപ്രതീക്ഷിതമായി കിട്ടിയ ഒരു ലീവ് ദിവസം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കണ്ട ചിത്രമാണ് ചങ്ക്സ്!! “വര്‍ണ്യത്തില്‍ ആശങ്ക” കാണാനായിരുന്നു തീരുമാനമെങ്കിലും യൂത്തിന്‍റെ പടമാണ് ക്യാമ്പസ് കഥയാണ്‌ എന്നെല്ലാമുള്ള സുഹൃത്തുക്കളുടെ അഭിപ്രായത്തില്‍ ഒടുവില്‍ ചങ്ക്സ് കാണുകയായിരുന്നു..

സിനിമ തുടങ്ങി!! വൈക്കോല്‍ അടക്കമുള്ള പേജുകളെ Our Chunk Trollers എന്നുമ്പറഞ്ഞ് ബിഗ്സ്ക്രീനില്‍ കാണിച്ചപ്പോള്‍ വല്ലാത്തൊരു സുഖം അനുഭവപ്പെട്ടു!! 😉 സുഹൃത്തുക്കളെ ലോഗോ ചൂണ്ടിക്കാണിച്ച് ഞാനൊന്ന് ഞെളിഞ്ഞ് ഇരുന്നു!!

ബി.ടെക് വിദ്യാര്‍ഥികളുടെ കഥയാണ്‌ ചിത്രം പറയുന്നത്.. മരുന്നിന് കൂട്ടാന്‍പോലും പെണ്‍കുട്ടികളെ കിട്ടാത്ത മെക്കാനിക്കല്‍ ബ്രാഞ്ചിലേക്ക് റിയ എന്ന പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഇതിവൃത്തം.. ക്യാമ്പസ് ജീവിതവും ഗോവന്‍ ട്രിപ്പും ഇക്കിളിയിട്ടാല്‍ പോലും ചിരിക്കാന്‍ പറ്റാത്ത വളിപ്പുകളും നായികയെക്കൊണ്ട് അടിവസ്ത്രത്തിന്‍റെ പേര് പറയിപ്പിച്ച് കയ്യടി വാങ്ങാനുള്ള വിഫല ശ്രമങ്ങളും മിണ്ടിയാല്‍ പൊറോട്ട എന്നുപറഞ്ഞപോലെ വാ തുറന്നാല്‍ ഡബിള്‍ മീനിംഗ് കൌണ്ടറുകളുമെല്ലാമായി കഥ വളരെ വേഗത്തില്‍ തന്നെ മുന്‍പോട്ട് പോകുന്നു!!!!

പ്രിയപ്പെട്ട സംവിധായകനോട് :: ലൈംഗീക ചുവയുള്ള കോമഡികളാണ് ക്യാമ്പസില്‍ എല്ലായിടത്തും എന്ന് താങ്കളോട് ആരാണ് പറഞ്ഞത്..? അല്ലെങ്കില്‍ യുവതലമുറ ആസ്വദിക്കുന്നതും കയ്യടിക്കുന്നതും ഇത്തരം സെക്സ് കൌണ്ടറുകള്‍ക്കായിരിക്കും എന്ന് തോന്നാനുള്ള ചേതോവികാരം എന്താണ്..? അധ്യാപികമാരെ ലൈംഗീക കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന രീതിയോടും പുട്ടിന് തേങ്ങയിടുംപോലെ റേസിസം തിരുകിക്കയറ്റിയതിനോടും ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരു പ്രേക്ഷകന്‍റെ ചോദ്യങ്ങളാണ്!! ബുദ്ധിജീവി ചമയാന്‍ ശ്രമിക്കുകയല്ല പക്ഷെ ഒരു പരിധികഴിഞ്ഞുള്ള എല്ലാം അരോചകമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ്..

ലാല്‍-സിദ്ധീക്ക് കോമ്പോ സീനുകളും ധര്‍മജന്‍റെയും ഹരീഷിന്‍റെയും കൌണ്ടറുകളും നന്നായിരുന്നു! കൂട്ടത്തില്‍ ഹരീഷിന്‍റെ “യോഗമില്ല അമ്മിണിയെ പാ അങ്ങ് മടക്കിക്കോളിന്‍” എന്ന ഡയലോഗിന് ഒരു രക്ഷയുമില്ലാത്ത കയ്യിടിയായിരുന്നു..

ഗോവയുടെയും ഹണി റോസിന്‍റെയും “സൗന്ദര്യം” അടിമുടി പകര്‍ത്തിയ ക്യാമറയും തരക്കേടില്ലാരുന്നു.. 😉

വാല്‍ക്കഷ്ണം : മാതാപിതാകളോട് കൂടി കുട്ടികളോ കുട്ടികളോട് കൂടി മാതാപിതാക്കളോ ചിത്രം കാണാതിരിക്കാന്‍ ശ്രദ്ധിക്കുക, കാരണം പല കോമഡി രംഗങ്ങള്‍ക്കും മാതാപിതാക്കള്‍ അടുത്തിരിക്കുന്നത് കാരണം കുട്ടികള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ കഴിയാതെ വരും!! അതുപോലെ തിരിച്ചും!!