A Journey With A “Bhootham” | Ee Pattanathil Bhootham Terror Review

എന്താണ് ഒരു സിനിമയുടെ വിജയം..? സാമ്പത്തികലാഭത്തിനും അപ്പുറം സിനിമയെന്ന കല ആസ്വാദകമനസ്സില്‍ ഒരു സ്ഥാനം നേടിയാല്‍, കഥാപാത്രം ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ കൈവരിച്ചാല്‍ അതാണ്‌ ഒരു സിനിമയുടെ യഥാര്‍ത്ഥ വിജയം!! ഒരു സംവിധായകനും അഭിനേതാവും തമ്മിലുള്ള അപാര കെമിസ്ട്രി നല്‍കുന്ന ഭീകരമായ റിസള്‍ട്ട് ഒന്നുകൊണ്ട് മാത്രം ഈ സിനിമയ്ക്ക് സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്.. ഒരു തവണ ഈ സിനിമ കണ്ട് കിടന്നുറങ്ങുന്നവനെ ഏത് പാതിരാത്രി വിളിച്ച് ഈ ചിത്രത്തെക്കുറിച്ച് ചോദിച്ചാലും “ജയ്‌ ജിമ്മിയങ്കിള്‍” “ജയ്‌ ജയ്‌ ഭൂതങ്കിള്‍” എന്നറിയാതെ പറഞ്ഞുപോകുമെന്നിടത്താണ് ഈ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുന്നത്..

മുന്നറിയിപ്പ് :- അച്ഛന്‍റെ ബിസിനസ് സാമ്രാജ്യം ചതിയന്മാരായ സുഹൃത്തുക്കള്‍ കൈക്കലാക്കുമ്പോള്‍ അത് തിരിച്ച് പിടിക്കാന്‍ മകള്‍ ശ്രമിക്കുന്നതും അതിന് മകളെ സഹായിക്കാന്‍ മമ്മൂട്ടിയും ഇന്നസെന്‍റും എത്തുന്നതും കണ്ട് ഇത് “തുറുപ്പ്ഗുലാന്‍” എന്ന സിനിമയാണെന്ന് കരുതി ആരും എഴുന്നേറ്റ് പോകരുത്!! ഇത് അതല്ല !!

image0

ഒരു മലയാളി ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചിത്രമായതിനാല്‍ കഥ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാലും, ഒരു മുഴുനീള ഹാസ്യ ചിത്രത്തിന് അതേ നീളത്തില്‍ നിരൂപണം തയ്യാറാക്കുക എന്നതൊരു ശ്രമകരമായ ജോലിയായതിനാലും ചിത്രത്തിലെ തന്ത്രപ്രധാനമായ ഏതാനും ഭാഗങ്ങളെ ഒന്ന് നിരൂപിക്കാം..

മമ്മൂട്ടിയുടെ ഭൂതമാണ്‌ ചിത്രത്തിന്‍റെ ഹൈലറ്റ്!! ഹൈ”ലൈറ്റിന്‍റെ” തീവ്രത പാരമ്യത്തിലെത്തിക്കുന്നത് കൊമ്പുകള്‍, ഭൂതത്തിന്‍റെ ശബ്ദം, ഗ്രാഫിക്സ്, തുടങ്ങിയവയാണ്.. ഭൂതവും മാന്ത്രികദണ്ഡും കൈവശമുണ്ടെങ്കില്‍ ആയിരം ദേവന്മാരുടെ ശക്തി കൈവശം വരുമെന്ന അറിവ് തിലകനില്‍ നിന്നും നേടിയ വില്ലന്‍ മന്ത്രവാദി ഭൂതത്തെ കുപ്പിയിലാക്കുന്നു! മലയാളസിനിമയില്‍, പ്രത്യേകിച്ച് ഒരു മമ്മൂട്ടി ചിത്രത്തില്‍ വില്ലന് പിടിച്ചുനില്‍ക്കാന്‍ ആയിരം ദേവന്മാര്‍ പോര ചുരുങ്ങിയത് ആയിരം ഭീമന്‍ രഘുമാരുടെയോ ആയിരം കീരിക്കാടന്‍ ജോസുമാരുടെയോ ശക്തിയെങ്കിലും വേണമെന്നത് ഏത് കൊച്ചുകുട്ടിയ്ക്കും അറിയാവുന്ന കാര്യമാണ്! അപ്പോള്‍ രണ്ട് മമ്മൂട്ടിയുള്ള ചിത്രത്തില്‍ വെറും ആയിരം “ദേവന്‍”മാരുടെ ശക്തികൊണ്ടെന്താവാന്‍!!

image1

ഭൂതത്തെ കുപ്പിയിലാക്കി വരുംവഴി ജീപ്പിടിച്ച് മന്ത്രവാദി പുഴയിലേക്ക് മുങ്ങാംകുഴിയിടുന്നു! പുഴയില്‍ വീണ മന്ത്രവാദിയുടെ ഭൂതത്തെ സ്രാവ് വിഴുങ്ങുന്നു!! പുഴയില്‍ മുങ്ങിയ മന്ത്രവാദി കടലില്‍ പൊങ്ങുന്നു!! ദൈവം ചിലപ്പോള്‍ അങ്ങനെയാ ചില കൈവിട്ട അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും! സ്തോത്രം!!!!

image2

കുട്ടികളുടെ കയ്യില്‍പ്പെട്ട ദൈവം അവര്‍ക്കിഷ്ടപ്പെട്ട ജിമ്മിയങ്കിളിന്‍റെ രൂപത്തിലേയ്ക്ക് മാറുകയാണിനി.. ജിമ്മിയങ്കിളിന് സ്റ്റൈലന്‍ ചിരിയാണ്, ചെറിയ കണ്ണാണ്, കാണാന്‍ സുന്ദരനാണ്, എന്നൊക്കെ കുട്ടികള്‍ പറഞ്ഞിട്ടും രൂപം മനസ്സിലാവാതെ കണ്‍ഫ്യൂഷനടിച്ചുനിന്ന ഭൂതത്തിനോട് കൃഷ്ണേട്ടന്‍ പറയുന്നു ജിമ്മിയ്ക്ക് നല്ല മനസ്സാണെന്ന്!! ഇത് കേട്ട ഉടനെ ഭൂതം മതി മതി ഇനി ഒന്നും പറയണ്ടാന്ന് പറഞ്ഞ് ജിമ്മിയുടെ രൂപം സ്വീകരിക്കുന്നു!! ഇത്രയും ഗുണഗണങ്ങള്‍ക്ക് കൂടെ നല്ല മനസ്സുംകൂടെയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നായകന്‍റെ രൂപം തന്നെയാണെന്ന് ഏത് കണ്ണുപൊട്ടനും മനസ്സിലാക്കാവുന്നതെയുള്ളു!!!

image3

ഏതൊരു നല്ല സിനിമയുടെയും നട്ടെല്ല് ബുദ്ധിപൂര്‍വ്വം എഴുതിച്ചേര്‍ക്കുന്ന ക്ലൈമാക്സ് രംഗമാണ്! ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതും അതുതന്നെയാണ്! ഫിലിപ്പോസ് എന്ന സര്‍ക്കസ് മുതലാളിയുടെ സ്വത്ത് കൈക്കലാക്കാന്‍ ഒരു യുവാവ് തലയില്‍ പൌഡറോക്കെ ഇട്ട്, കണ്ണടയൊക്കെ വച്ച് ഫിലിപ്പോസ് മുതലാളിയാണെന്നും പറഞ്ഞ് ഒരു പെണ്ണിനെ രെജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നു, അപ്പോള്‍ സ്വാഭാവികമായും ഫിലിപ്പോസിന്‍റെ സ്വത്തുക്കള്‍ ഭാര്യയായ പെണ്ണിന്‍റെ പേരില്‍ വരുമല്ലോ!! വൌ!!! കിടിലന്‍ ബുദ്ധി!! ഈ സീന്‍ കണ്ട് അംബാനി, ടാറ്റ, യൂസഫലി തുടങ്ങിയര്‍ നെഞ്ചില്‍ കൈവച്ച് ഒന്ന്‍ ഞെട്ടിയത്രെ!! കാരണം നാളെ ആരെങ്കിലും തങ്ങളുടെ പേരുംപറഞ്ഞ് ഏതെങ്കിലും പെണ്ണിനെ രെജിസ്റ്റര്‍ മാര്യേജ് ചെയ്താല്‍ സ്വത്തുക്കളൊക്കെ ആ പെണ്ണിന്‍റെ പേരില്‍ പോകില്ലേ!!!

image4

പാട്ടും ഡാന്‍സും കോമഡികളുമൊക്കെയായി പ്രേക്ഷകരെ ആവോളവും അതിനപ്പുറവും “വല്ലാതങ്ങ്” രസിപ്പിക്കുന്ന ചിത്രം തന്നെയാണ് ഈ പട്ടണത്തില്‍ ഭൂതം! ഈ ചിത്രത്തിലെ ചില ഡാന്‍സ് രംഗങ്ങള്‍ പുറത്തിറങ്ങിയ ഉടനെ മൈക്കിള്‍ ജാക്സണ്‍ അന്തരിച്ചു എന്നത് ഇതിനോട് കൂട്ടിവായിക്കാതിരിക്കുക.. ശുഭം !!