Parava Malayalam Movie Review in Malayalam Language

തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.. എന്‍റെ എല്ലാവിധ പ്രതീക്ഷകളെയും തെറ്റിച്ച ചിത്രമാണ് പറവ.. കാരണം..

എന്‍റെ മനസ്സില്‍ മട്ടാഞ്ചേരി എന്നാല്‍ മട്ടാഞ്ചേരി മാര്‍ട്ടിന്‍റെ നേതൃത്വത്തില്‍ കൊട്ടേഷന്‍ വ്യവസ്ഥയില്‍ ഗുണ്ടായിസം നടത്തുന്ന ഒരു കൂട്ടം മസിലന്മാരുടെ നാടായിരുന്നു, പറവ കാണുന്നതുവരെ !!

എന്‍റെ മനസ്സില്‍ ദുല്‍ക്കര്‍ എന്ന നടന്‍ ആരാധകരുടെ പിന്‍ബലത്തിലും ലുക്കിലും മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കുന്ന, അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാത്ത അഭിനേതാവായിരുന്നു, പറവ കാണുന്നതുവരെ !!

എന്‍റെ മനസ്സില്‍, നാടകീയതകള്‍ ഇല്ലാതെ സാധാരണക്കാരുടെ സിനിമ കണ്മുന്നില്‍ കാണുമ്പോലെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു സംവിധായകന്‍ ദിലീഷ് പോത്തനായിരുന്നു, പറവ കാണുന്നതുവരെ !!

എല്ലാത്തിനും മേലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമായ്‌ ഞാന്‍ വിലയിരുത്തിയത് അങ്കമാലി ഡയറീസ് ആയിരുന്നു, പറവ കാണുന്നതുവരെ!!

ആയതിനാല്‍ എന്‍റെ എല്ലാവിധ പ്രതീക്ഷകള്‍ക്കും മേലെ ചിറകുവിരിച്ചാണ് പറവ വന്നിറങ്ങിയത്..!!

തീര്‍ച്ചയായും തിയേറ്ററില്‍ പോയ്‌ കണ്ടിരിക്കേണ്ട ചിത്രം എന്നല്ലാതെ വായിച്ചറിയേണ്ട ഒരു കഥയല്ല പറവയുടേത്.. മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട്‌ കൊച്ചിയിലെയും മുസ്ലീം കുടുംബങ്ങളെ ആധാരമാക്കിയുള്ള കഥയില്‍ പ്രവചനാതീതമായി ട്വിസ്റ്റുകളോ സംഭവങ്ങളോ ഒന്നുംതന്നെയില്ലെങ്കിലും രണ്ടര മണിക്കൂര്‍ നേരം നമുക്ക് മുന്നില്‍ മട്ടാഞ്ചേരിയെയും അവിടുത്തെ ജനങ്ങളെയും വടിവൊത്ത്‌ വരച്ചിടുകയാണ് സൗബിന്‍ എന്ന സംവിധായകനും ലിറ്റില്‍ സ്വയംപ്‌ എന്ന ചായഗ്രഹകനും.. പ്രാവ് പറത്തല്‍ എന്ന സ്വപ്നവുമായ് ജീവിക്കുന്ന ഇച്ചാപ്പിയുടെയും ഹസീബിന്‍റെയും ജീവിതത്തിലൂടെയാണ് ചിത്രം നീങ്ങുന്നത്.. ഗപ്പിയിലെ ചേതന് ശേഷം മനസ്സില്‍ തങ്ങിനിന്ന കഥാപാത്രമായ് ഇച്ചാപ്പി.. ചെറിയ വേഷത്തിലായിരുന്നെങ്കിലും മാരക ഇന്‍ട്രോയുമായ് അവതരിച്ച ഇമ്രാന്‍ അതായത് കുഞ്ഞിക്കയും ഷൈനും, സിദ്ദിക്കും, ഹരിശ്രീയും എല്ലാവരും അവരവരുടെ വേഷങ്ങള്‍ വൃത്തിയായ് കൈകാര്യം ചെയ്തു!!

ഈ വര്‍ഷത്തെ മികച്ച ചിത്രമാകാന്‍ അങ്കമാലിക്കും, തൊണ്ടിമുതലിനും കടുത്ത മത്സരവുമായ് പറവയും ലിസ്റ്റിലുണ്ടാവും!! തീര്‍ച്ച!!