Terror Review | Malayalam Movie College Kumaran

പ്രേക്ഷകസ്വീകാര്യമാണോ അല്ലയോ എന്നൊരു പുനര്‍ചിന്തയില്ലാതെ വിത്യസ്തതരം വേഷങ്ങളെ ഉള്‍ക്കൊള്ളാനും ആവാഹിക്കാനും കഴിയുന്നിടത്താണ് ഒരു നടന്റെ മികവ്, മുംബൈ പോലീസ് എന്ന ചിത്രത്തില്‍ പ്രിഥ്വിരാജ് ഉള്‍ക്കൊണ്ട കഥാപാത്രം ഉദാഹരണം.. പ്രകീര്ത്തിക്കപ്പെടേണ്ടതായിട്ടും ആരും കാണാതെ പോയ അത്തരമൊരു ധൈര്യമാണ് “കോളേജ് കുമാരന്” എന്ന ക്യാമ്പസ് റൊമാന്റിക്ക് ചിത്രത്തിന്റെ കാതല്‍! മുന്‍പ് “വാമനപുരം ബസ് റൂട്ട്”ലും ശേഷം “എയിഞ്ചല്‍ ജോണ്‍”ലും കാണാന്‍ സാധിച്ചതും ലാലേട്ടന്റെ സമാനധൈര്യം!! ചിലതെല്ലാം വിജയിക്കും ചിലതെല്ലാം പരാജയപ്പെടും, ജയവും തോല്‍വിയും ആപേക്ഷികമാണ് !! -കോളേജ് കുമാരന് ഒരു അവലോകനം !!-
പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഈ ചിത്രത്തില്‍ ലാലേട്ടന് ചെയ്ത കുമാരന് എന്ന കഥാപാത്രം, എന്നും “കുമാരനാണ്” ഇദ്ദേഹം! പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പും, ഇപ്പൊഴും വേണമെങ്കില്‍ ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ലാലേട്ടന്റെ കുമാരന് “കുമാരനായി” തുടരും!!
ക്യാമ്പസിന്റെ പള്‍സറിഞ്ഞ് നിര്‍മ്മിച്ച ചിത്രമാണിത്! രാഷ്ട്രീയക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഗുണ്ടകള്‍ തുടങ്ങി ഒരു സമൂഹത്തിലേയ്ക്ക് വേണ്ട നാനാവിധ തരക്കാരെയും മൊത്തമായും ചില്ലറയായും ഉത്തരവാദിത്വത്തോടുകൂടി വാര്‍ത്തെടുക്കുന്ന സ്ഥാപനമാണ് “മഹാത്മ കോളേജ്” ! MBBS പഠിച്ചവന് പോലീസില്‍ ചേര്‍ന്നതാണോ, അതോ വെറും ഡിഗ്രി മാത്രമുള്ളവന് ഡോക്ടറായതാണോ..??
ഈ ക്യാമ്പസില്‍ അനുവദിച്ച ഒരു കോഴ്സ് യൂണിവേഴ്സിറ്റി റദ്ദാക്കുന്നു! ഇതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ പക്ഷംതിരിഞ്ഞ് കൂട്ടയടി നടത്തുന്നു! യൂണിവേഴ്സിറ്റി കോഴ്സ് റദ്ദാക്കിയതിന് പിള്ളാര് കിടന്ന് തമ്മില്‍ തല്ലീട്ടെന്താണാവോ കാര്യം!! എന്തായാലും ഏതൊരു ക്യാമ്പസ് അടിയിലും ആര് പറഞ്ഞാലും അടി നിര്‍ത്താത്തവര്‍ ഒരാള്‍ പറഞ്ഞാല്‍ പെട്ടെന്ന് അടി നിര്‍ത്താറില്ലേ? ഈ സിനിമയില്‍ ആ ആളാണ് ക്യാപ്റ്റന്‍! ക്യാപ്റ്റന്‍ കുമാരന്! അദ്ധ്യാപകര്‍ പറഞ്ഞിട്ടും അനുസരിക്കാത്ത കുട്ടികളെ അനുസരിപ്പിക്കാന്‍ കഴിവുള്ള കുമാരന് ആരാണ്??? എന്താണയാളുടെ പദവി??
ക്യാമ്പസില്‍ കുമാരനാണ് എല്ലാം! സിനിമയുടെ ടൈറ്റിലില്‍ “കോളേജ്” എന്നത് ഒരല്പം ചെറുതാക്കിയും “കുമാരന്” എന്ന് അതിനേക്കാള്‍ കുറച്ച് വലുപ്പം കൂട്ടിയും എഴുതിയതായി കാണാം! അതില്‍ നിന്നുതന്നെ നമ്മള് മനസ്സിലാക്കേണ്ടതുണ്ട് കോളേജിനെക്കാളും അവിടെ ഉള്ളവരെക്കാളും കുറച്ച് “വലുതാണ്” കുമാരനെന്ന്!!! കോഴ്സ് റദ്ദാക്കിയാല്‍ എന്ത് ചെയ്യുമെന്ന് ആശങ്കയില്‍ നില്ക്കുന്ന കുട്ടികള്‍ക്ക് ക്യാപ്റ്റന്‍ ഒരു ആശ്വാസമാകുന്നു!
വിദ്യാഭ്യാസമന്ത്രിയാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ മന്ത്രിയെ ചെന്ന് കാണുന്നു! മന്ത്രിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി അത് കേള്‍പ്പിച്ച് മന്ത്രിയെ വിരട്ടുന്നു, കൂടാതെ മന്ത്രി ജയിച്ചത് കള്ളവോട്ട് നേടിയാണ് എന്നതിനുള്ള തെളിവൊക്കെ തന്റെ കൈവശമുണ്ടെന്ന് കുമാരന് വെളിപ്പെടുത്തുന്നു!! സത്യമായിരിക്കും, നാട്ടില്‍ കള്ളവോട്ട് രേഖപ്പെടുത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ “കള്ളവോട്ടര്‍” എന്ന അംഗീകൃത മുദ്രയും അവര്‍ക്കായി പ്രത്യേക പോളിംഗ് ബൂത്തുകളുമുണ്ടല്ലോ!! അപ്പോള്‍ ഈ വക തെളിവുകള്‍ ശേഖരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല!!
ഇനി നായികയിലേക്ക് സാമാന്യം അഹങ്കാരിയായ ടീച്ചറാണ് നായിക, അഹങ്കാരിയായ നായിക വ്യാകരണം തെറ്റാതെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ ക്യാപ്റ്റനെ വെല്ലുവിളിക്കുന്നു!!! ഒരിക്കല്‍ “ഹരിമുരളീരവം” പാടി ഉണ്ണിമായയുടെ അഹങ്കാരം മാറ്റിയ ജഗന്നാഥനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ക്യാപ്റ്റന്‍ ചറപറ ഇംഗ്ലീഷ് വാരിവിതറുന്നു!! പക്ഷെ നായികയുടെ അഹങ്കാരം മാറുന്നില്ല!! ഉണ്ണിമായയേക്കാള് കുറച്ചുകൂടി മുന്തിയ ഇനമാണെന്ന് തോന്നുന്നു ഈ കുട്ടി !!!
ഇങ്ങനെ ക്യാപ്റ്റന്‍ പലരുടെയും അഹങ്കാരങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് കഥ മുന്പോട്ട് പോകുമ്പോള്‍, വിദ്യാഭ്യാസമന്ത്രിയുടെ കുടിലതന്ത്രഫലമായി ക്യാപ്റ്റന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ അറസ്റ്റിലാകുന്നു! ക്യാപ്റ്റന്‍ അറസ്റ്റിലായ ദുഖാചരണമായി ക്യാമ്പസിന് അവധി പ്രഖ്യാപിക്കുന്നു !!! സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ നടത്താമെങ്കില്‍, കബാലി റിലീസ് പ്രമാണിച്ച് ഒരു സംസ്ഥാനം മുഴുവന്‍ അവധി കൊടുക്കാമെങ്കില്‍, ഒരു കാന്റീന് ജീവനക്കാരന് പോലീസ് പിടിയിലായതില്‍ ക്യാമ്പസ് അവധി ആചരിക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല!!
അങ്ങനെ ഇങ്ങനെ കേസും മറുകേസും ട്വിസ്റ്റും പോലീസും മന്ത്രിയും കോളേജുമൊക്കെയായി ക്യാമ്പസ്-റൊമാന്റിക്ക് ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍-ത്രില്ലര്‍ ചിത്രമായി മാറുകയാണ്.. ഒരു കേസിന് പകരം രണ്ട് കേസുകള്‍ തെളിയിച്ച് ക്ലൈമാക്സില്‍ ഒന്നര പാരഗ്രാഫ് ഡയലോഗും കാച്ചി ക്യാപ്റ്റന്‍ സ്ലോമോഷനില്‍ നടന്നുനീങ്ങുന്നു!! പക്ഷെ “ഈ കണിമംഗലംകാരുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് നിനക്ക് പോകാന്‍ കഴിയില്ല നീയിവിടെ വേണം ഇവരുടെയൊക്കെ തമ്പുരാനായിട്ട്..!!” അയ്യോ ശ്ശെ!! സോറി കഥ മാറി!!!!! “ഈ ക്യാമ്പസിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് നിനക്ക് പോകാന്‍ കഴിയില്ല നീയിവിടെ വേണം ഈ കോളേജിന്റെ മാനേജര്‍ ആയിട്ട്” എന്നൊക്കെ പറഞ്ഞ് ഒരുകൂട്ടം ജനങ്ങള്‍ ക്യാപ്റ്റനെ തടയുന്നു!! ഒടുവില്‍ എല്ലാവരുടെയും സ്നേഹത്തിന് വഴങ്ങി ക്യാപ്റ്റന്‍ താനെങ്ങും പോണില്ല എന്ന് പറയുന്നു, ക്യാപ്റ്റന്‍ എന്ത് പറഞ്ഞാലും “യേയ്!!!!” എന്നുപറഞ്ഞ് രണ്ടുകയ്യും പൊക്കി ചാടാന്‍ മാത്രമായി കോളേജില്‍ വരുന്ന കുട്ടികള്‍ അപ്പോഴും ചാടുന്നു!! ശുഭം!!!!