Terror Review | Malayalam Movie Dracula 2012

മലയാളസിനിമയില്‍ വിനയന്‍ മഹാകാവ്യങ്ങള്‍ സൃഷ്ടിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു.. ആകാശഗംഗ, കരുമാടിക്കുട്ടന്‍, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും അങ്ങനെ ഒരുപാട്!! അതൊരു കാലം, കാലക്രമേണ മഹാകാവ്യങ്ങള്‍ വിട്ട് വിനയന്‍ ഇതിഹാസങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി.. വിനയന്‍ മേന്മകള്‍ എല്ലാം ഒത്തിണങ്ങിയ ഒരു ഇതി.. അല്ല “ഇത്തിരിഅധിക”ഹാസമാണ് ഡ്രാക്കുള 2012 !!! ലോകോത്തര നിലവാരത്തിലേയ്ക്ക് മലയാള സിനിമ ഒരു പാത തുറന്നിരിക്കുന്നു, അല്ലെങ്കില്‍ വിനയന്‍ ആ പാത വെട്ടിത്തുടങ്ങിയിരിക്കുന്നു !!

image0

റുമേനിയയിലെ ഡ്രാക്കുള കോട്ടയിലാണ് കഥ തുടങ്ങുന്നത്.. ഹണിമൂണ്‍ ആഘോഷിക്കാന്‍ റുമേനിയയില്‍ എത്തുന്ന റോയി ഡ്രാക്കുളയെ ആവാഹിക്കാന്‍ ശ്രമിക്കുന്നു! കോട്ടയുടെ അടിയിലെ നിലവറയിലാണത്രെ ഡ്രാക്കുളയുള്ളത്! നിലവറയൊക്കെ ഗംഭീരമാണ്.. പഴയ ഓട്, പിച്ചളപ്പാത്രം, ഉന്തുവണ്ടി, സൈക്കിള്‍ ചക്രം തുടങ്ങി എല്ലാ ആക്രിസാധനങ്ങളുടെയും ഒരു കമനീയ ശേഖരമാണ് നിലവറ !!

image2

ഇത്രേം സാധനങ്ങള്‍ക്കിടയില്‍ അഡ്ജസ്റ്റ് ചെയ്ത് കിടന്നുറങ്ങുന്ന ഡ്രാക്കുളയെ റോയി മന്ത്രംചൊല്ലി ശല്യം ചെയ്യുന്നു, പൊറുതിമുട്ടിയ ഡ്രാക്കുള ഭീകര”കുരങ്ങായി” വരുന്നു!!

image1

ഇവനെ ഇനിയും വളരാന്‍ അനുവദിച്ചുകൂടാ എന്ന് മനസ്സിലുറപ്പിച്ച ഡ്രാക്കുള റോയിയെ തട്ടിക്കളയുന്നു, ആ ശരീരത്തില്‍ കയറി നിന്ന് അട്ടഹസിക്കുമ്പോള്‍ സ്ക്രീനില്‍ സംവിധാനം വിനയന്‍ എന്ന് എഴുതിക്കാണിക്കുന്നു! പ്രേക്ഷകര്‍ ഞെട്ടിവിറയ്ക്കുകയാണ്!! അന്ത ഭയം!!!!

ഒരു ഡ്രാക്കുളയ്ക്ക് ജീവിക്കാന്‍ എന്തുകൊണ്ടും അനുയോജ്യമായ ചുറ്റുപാട് കേരളത്തില്‍ ഉള്ളതുകൊണ്ടാവണം റോയിയുടെ ഭാര്യയേയും തട്ടിയ ഡ്രാക്കുള കേരളത്തിലേയ്ക്ക് കെട്ടിയെടുക്കുന്നു.. ഒരു പ്രൊഫഷണല്‍ വാമ്പയറിന് ഡ്രാക്കുള എന്ന പേര് ഒരു പഞ്ചില്ലാഞ്ഞിട്ടാവണം അദ്ദേഹം ഇവിടെ പ്രൊഫസര്‍ വില്ല്യം ഡിസ്സൂസ്സ എന്ന പേരിലാണ് താമസിക്കുന്നത്.. യാദൃശ്ചികമായ് ഡിസ്സൂസ്സയെ കാണാന്‍ ഒരു രാജു എത്തുന്നു! രാജുവിന്‍റെ കഴുത്തില്‍ ചോര കാണുന്ന ഡിസ്സൂസ്സ ഒരു നിമിഷം ഡ്രാക്കുളയായി മാറുന്നു..

image3

രാജുവിന്‍റെ കാമുകി മുന്‍ജന്മത്തില്‍ ഡ്രാക്കുളയുടെ കാമുകിയായിരുന്നത്രേ.. ആയതിനാല്‍ തന്‍റേതല്ലാത്ത കാരണത്താല്‍ രാജു ഈ സിനിമയിലെ നായകനാവാന്‍ വിധിക്കപ്പെടുന്നു!! എന്നാല്‍ കാമുകിയുടെ അച്ഛനെ ഒരുഗ്രന്‍ മന്ത്രവാദിയാക്കി വിധി വിനയന്‍റെ രൂപത്തില്‍ ഡ്രാക്കുളയെ വീണ്ടും പരീക്ഷിക്കുന്നു!!

ഇതിനിടെ റുമേനിയയില്‍ നിന്നും ഡ്രാക്കുളയെ തളയ്ക്കാന്‍ ഒരു ഡോക്റ്റര്‍ എത്തുന്നു.. ങേ!! ഇത് തമിഴ്നാട്ടില്‍ നിന്നും വന്ന പ്രഭുവല്ലേ!! എന്നാലോചിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ഡോക്റ്റര്‍ ഡ്രാക്കുള ചരിത്രം വിവരിക്കുന്നു!!

image4

ദുഷ്ടശക്തികളെ ഇല്ലാതാക്കാന്‍ മന്ത്രവാദിയുടെ മൂത്തമകള്‍ നടത്തുന്ന പൂജ ഡ്രാക്കുള അലമ്പാക്കുന്നു! പെണ്ണുങ്ങളെ കണ്ടാല്‍ കഴുത്തിന് കടിക്കുന്ന ലമ്പടന്‍ ഡ്രാക്കുള അവളെയും ഓടിച്ചിട്ട്‌ കടിക്കാന്‍ നോക്കുന്നു! പെണ്ണിന്‍റെ അരയിലെ മാന്ത്രിക ഏലസ് പൊട്ടിച്ചെടുത്ത് ഡ്രാക്കുള അവളെ ആഞ്ഞാഞ്ഞ് കടിക്കുന്നു! ഏലസ് പൂത്തിരിപോലെ കത്തുന്നു!! “ജയ്‌ വിനയന്‍” എന്നും പറഞ്ഞ് തൊഴുതുകൊണ്ട് അവളുമൊരു വാമ്പയറായി മാറുന്നു!!

image5

ഡ്രാക്കുള കടിച്ച ചേച്ചിയെ നോക്കി മന്ത്രവാദിയുടെ ഇളയമകള്‍ ഒരു പ്രത്യേക ഭാവത്തില്‍ കരയാന്‍ ശ്രമിക്കുന്നു!!

image6

കഥ ക്ലൈമാക്സിലേക്ക്! ഡ്രാക്കുളയെ തളയ്ക്കാനായി എല്ലാവരും ഡ്രാക്കുളയെ തേടി പോകുമ്പോള്‍ തക്കസമയത്ത് ഡ്രാക്കുള തന്‍റെ മുന്‍കാമുകിയെ തട്ടിയെടുക്കുന്നു.. ശേഷം രാജുവുമായി കുറച്ച് നേരം കയറില്‍ തൂങ്ങി സംഘട്ടനം നടത്തുന്നു!! ഇതിനിടെ ഡ്രാക്കുള വെയില്കൊണ്ട് അകാലചരമം പ്രാപിക്കുന്നു!! ഹോ!! കയറ് പൊട്ടിവീണ് മരിക്കോന്നായിരുന്നു എന്‍റെ പേടി!! അപ്പോള്‍ അങ്ങ് റുമേനിയയിലെ ഡ്രാക്കുളക്കോട്ട തകരുന്നു! രക്ഷപ്പെട്ടു എന്ന ആശ്വാസത്തോടെ സീറ്റില്‍ നിന്നും എഴുന്നേറ്റ പ്രേക്ഷകനോദ് തിലകന്‍ പറയുന്നു “രക്ഷപ്പെട്ടെന്ന് കരുതണ്ട! അവന്‍ ഇനിയും വരും” !!!! ദൈവമേ! കുടുങ്ങിയോ!!!!

image7