Terror Review | Malayalam Movie Pokkiri Raja

മുടക്കുമുതല്‍ തിരികെ പിടിക്കുന്നതാണ് ഓരോ സിനിമയുടെയും സാമ്പത്തിക വിജയം! എന്നാല്‍ അത്തരത്തിലുള്ള പല ചിത്രങ്ങളും പ്രേക്ഷകന് സാമ്പത്തികനഷ്ടമാണ് സമ്മാനിക്കാറുള്ളത്! എങ്കില്‍ ഇവിടെ പ്രേക്ഷകന് ഇരട്ടിലാഭമാണ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമ്മാനിച്ചത്!! ഒന്നിനുപകരം രണ്ട് നായകന്മാര്, ആളൊന്നിന് മൂന്നുവീതം സംഘട്ടനങ്ങള്‍, മുറ്റ് കോമഡികള്‍, ഇടവേളകളില്ലാത്ത പഞ്ച് ഡയലോഗുകള്‍ ഇതിലെല്ലാമുപരി ഇക്കയുടെ മൂണ്‍വാക്ക്!!! ചുരുക്കിപ്പറഞ്ഞാല്‍ നൂറ് രൂപ മുടക്കി പടം കാണുന്നവര്‍ക്ക് ഇരുനൂറ് രൂപയുടെ കാഴ്ചകളാണ് ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്..
വ്യത്യസ്തതയാണ് കഥയുടെ പ്രധാന ആകര്‍ഷണം! അതിനാല്‍ ഏതാനും ചില വ്യത്യസ്തതകള്‍ മാത്രം നിരൂപിക്കാം!!
കഥ തുടങ്ങുന്നത് ഗ്രാമത്തിലാണ്! അമ്പലത്തിലെ ഉത്സവം നടത്താന്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ വഴക്കാണ്! രണ്ട് കുടുംബങ്ങളെ കൊടുംശത്രുക്കളാക്കാന് ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് അമ്പലത്തിലെ ഉത്സവം നടത്തല്‍ എന്നത് കാലാകാലങ്ങളായി നമുക്കറിയാവുന്ന ഒരു കാര്യമാണല്ലോ.. ഇവിടെ ഒരുപക്ഷത്ത് നല്ലവനായ സ്കൂള്‍ മാഷും കുടുംബവും മറുപക്ഷത്ത് ക്രൂരന്മാരായ വില്ലന്മാരുമാണ്.. ഉത്സവം നടത്താനുള്ള അധികാരം നല്ലവനായ മാഷിന് കിട്ടുന്നു!! നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ത കഥാപാത്രമാണ് ഈ ചിത്രത്തില്‍!! നല്ലവനായ സ്കൂള്‍ മാഷ്!!!! വില്ലന്റെ കുടുംബം പാരമ്പര്യമായി ഗുണ്ടകളാണ്, ഗുണ്ടകളില്‍ മാത്രം കണ്ടുവരുന്ന മൊട്ടത്തല, നെറ്റിയില്‍ വെട്ട് കൊണ്ട പാട് തുടങ്ങിയ അംഗീകൃത ചിഹ്നങ്ങളോടെയാണ് അവിടെ ഓരോ കുട്ടിയും ജനിക്കുന്നത്.. മാഷിന്റെ മക്കളാവട്ടെ ജനിച്ച അന്ന് തൊട്ട് പഞ്ച് ഡയലോഗുകള്‍ മാത്രമാണ് പറയുന്നത്..
ഉത്സവദിവസം അത് കലക്കാന്‍ നോക്കുന്ന ഗുണ്ടക്കുട്ടിയെ മാഷ് ഒരു മുറിയിലേക്ക് പിടിച്ച് തള്ളിയിടുന്നു, ഗുണ്ടക്കുട്ടി ഒരു കുത്തുവിളക്കിന് മേലെ മറിഞ്ഞുവീണ് പടമാകുന്നു ഇതുകണ്ട മാഷിന്റെ മൂത്തമകന് രാജ ഓടിച്ചെന്ന് കുത്തുവിളക്ക് വലിച്ചൂരുന്നു! അതെ അവനാണ് മമ്മൂക്ക!! വടക്കന്‍ വീരഗാഥ കണ്ടിട്ടുള്ള പ്രേക്ഷകരെല്ലാം മനസ്സില്‍ പറയുന്നു! സമാനമണ്ടത്തരം പുള്ളി അന്നും കാണിച്ചതാണല്ലോ!!
കൊലപാതക കേസില്‍ പ്രതിയായ മകനെ മാഷ് ഉപേക്ഷിക്കുന്നു, കാലാകാലങ്ങളായി ഉപേക്ഷിക്കപ്പെടുന്നതും നാടുവിടുന്നതുമായ കുട്ടികളെ കയറ്റി അന്യനാട്ടില്‍ കൊണ്ടുവിടുന്ന വണ്ടിയില്‍ കേറി രാജ നേരെ മധുരയ്ക്ക് പോകുന്നു, അവിടെപോയാല്‍ പിന്നെ കൂടുതല്‍ പറയേണ്ടല്ലോ, കേരളത്തില്‍ നിന്നും നാടുവിടുന്ന മിക്ക മക്കളും ഡോണോ ഗുണ്ടയോ ആവുമെന്നത് പകല്‍ പോലെ സത്യമാണ്!!
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാഷിന്റെ ഇളയമകന് സൂര്യയുടെ ഇന്‍ട്രോ കാണിക്കാനായി ഒരുത്സവം കൂടെ നാട്ടില്‍ നടത്തുന്നു! ഉത്സവത്തിന് കുംഭം ഉടയ്ക്കേണ്ടത് സൂര്യയാണ്, ആയതിനാല്‍ ഉത്സവം മുടക്കാന്‍ സൂര്യയെ കൊല്ലാന്‍ വില്ലന്മാര് പദ്ധതിയിടുന്നു! ഉത്സവദിവസം ടൗണില്‍ പോയ സൂര്യയെ അവിടെ വച്ച് തട്ടിക്കളയാനാണ് അവരുടെ പ്ലാന്‍! അതിനായി ഒരു ഹര്‍ത്താല്‍ തന്നെ നടത്തുകയാണ് വില്ലന്‍ കുടുംബം! എന്തരാണല്ലേ കേരളം!!! മൂന്നേമൂന്ന് പേര്‍ക്കൊക്കെ ഒരു ടൗണില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാമെന്ന സ്ഥിതിയായ്!!!
വ്യത്യസ്തമായ സുരാജ് കോമഡികളാണ് മറ്റൊരു പ്രധാന ആകര്‍ഷണം! അദ്ദേഹം മുന്‍പൊരു സിനിമയിലും ഉപയോഗിച്ചിട്ടില്ലാത്ത അച്ഛനെ “എച്ഛാ” എന്ന് വിളിക്കുക, “നാരങ്ങാമുട്ടായി വാങ്ങിച്ചു തരാടാ” “എന്നെ തല്ലരുത് എനിക്ക് ചെറുപ്പത്തില്‍ പനി വന്നിട്ടുള്ളതാ” “ഉം പൊക്കോ” തുടങ്ങിയ പുതുമയാര്‍ന്ന ഡയലോഗുകളും ആരെങ്കിലും അടിക്കാനായി കൈ ഉയര്ത്തുംപോഴേയ്ക്കും പ്രത്യേക മുഖഭാവത്തില്‍ “അയ്യോ” എന്നലറി തീ തല്ലിക്കെടുത്തുംപോലെ ആംഗ്യങ്ങള്‍ കാണിക്കുന്നതും പ്രേക്ഷകരില്‍ ഒരു “പ്രത്യേകതരം” ചിരി ഉളവാക്കി!!!
ഇനി രാജയുടെ ഇന്‍ട്രോ! റോഡ് ഷോയ്ക്കെങ്ങാന് പോകുന്ന പതിമൂന്ന് ഇന്നോവ കാറുകള്‍ വാടകയ്ക്കെടുത്ത് അതിന്റെ മുന്പില് തന്റെ ബി.എം.ഡബ്ല്യു ഓടിച്ചാണ് രാജ വരുന്നത്! എന്ത് ചെയ്യാന്‍, ഡോണായിപ്പോയില്ലേ മാസ് കുറയ്ക്കാന്‍ പറ്റില്ലല്ലോ!! മാസ് ഇന്‍ട്രോ കഴിഞ്ഞ് ഒരു ഫൈറ്റും കഴിഞ്ഞ് രാജ കേരളത്തിലേയ്ക്ക് തിരിക്കുന്നു, കള്ളക്കേസില്‍ കുടുങ്ങിയ അനിയന് സൂര്യയെ രക്ഷിക്കാന്‍! കമ്മീഷ്ണറുടെ മോളെ പ്രേമിച്ചതിനാല്‍ അങ്ങേര് ചില്ലറ കേസൊക്കെ ഉണ്ടാക്കി പൂട്ടിയതാണ് അനിയനെ.. രാജയെ കാണുന്ന സൂര്യയ്ക്ക് അത് തന്റെ ചേട്ടനാണെന്ന് മനസ്സിലാകുന്നില്ല എന്നാല്‍ ചെറുപ്പത്തിലേ പഞ്ച് ഡയലോഗുകള്‍ മാത്രം പറഞ്ഞ് പഠിച്ചിരുന്ന ചേട്ടനും അനിയനും രണ്ട് പഞ്ച് ഡയലോഗുകള്‍ കാച്ചി പരസ്പരം മനസ്സിലാക്കുന്നു.. പഞ്ച് ഡയലോഗ് പറയുമ്പോള്‍ ചെറുപ്പത്തിലെ അത്രയൊരു ഭീകരത ഇപ്പോള്‍ രാജയുടെ മുഖത്ത് വരുന്നില്ല എന്നത് പ്രേക്ഷകനില്‍ ഒരു ആശ്വാസം ജനിപ്പിക്കുന്നു!!!
ഇതുവരെ കണ്ട നാടന്‍ തല്ലുകളില്‍ നിന്നും വിത്യസ്തമായ പ്രത്യേകതരം “മധുരത്തല്ലാണ്” ഈ ചിത്രത്തിലെ ക്ലൈമാക്സില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് അതും ഡബിള്‍ സ്ട്രോംഗില്‍! അന്തരീക്ഷത്തില്‍ പലതരം ആംഗിളുകളില്‍ ഊഞ്ഞാലാടിക്കൊണ്ട് എതിരാളികളെ ഇടിക്കുന്ന മാസ്മരിക സംഘട്ടനരൂപമാണ് മധുരത്തല്ല്!! അടിക്കുന്നയാള്‍ മാത്രമല്ല അടി കൊള്ളുന്നവനും ഇത്തരത്തില്‍ പല പൊസിഷനില്‍ പറന്നാണ് നിലംപതിക്കുക എന്നതും ഈ തല്ലിന്റെ പ്രത്യേകതയാണ്!! പ്രധാനവില്ലന്മാരായ കമ്മീഷ്ണറെയും കൂട്ടരെയും രാജ ഈ രീതിയിലാണ് നിലംപരിശാക്കുന്നത്!!! ശേഷം ഒരുഗ്രന്‍ ഡയലോഗും….
മധുരത്തല്ലിനെക്കുറിച്ച് വ്യക്തമായ ജ്ഞാനം ഇല്ലാത്തവര്‍ ഇതിനെ എഡിറ്റിംഗിന്റെ പാളിച്ചകള്‍ എന്നോ അല്ലെങ്കില്‍ ഉരുക്കുവടത്തില്‍ കെട്ടി ഉയര്‍ത്തിയുള്ള അടിയെന്നോ പറയുമായിരിക്കും! നമ്മള് ചെയ്യേണ്ടത് ഇത്രമാത്രം! മധുരത്തല്ലില് വിശ്വസിക്കുക!! ശുഭം!!