Terror Review | Malayalam Movie Thoppil Joppan

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.. പ്രേക്ഷകര്‍ക്ക് ഉതകുന്ന രീതിയില്‍ അദ്ദേഹം സിനിമ ചെയ്യില്ല, നോളന്‍ എങ്ങനെ ചെയ്യുന്നോ അത് അതേരീതിയില്‍ വളരെ കഷ്ടപ്പെട്ട് പ്രേക്ഷകര്‍ മനസ്സിലാക്കിയെടുക്കണം!! എന്തെന്നാല്‍ നോളന്‍ ഒരു അതുല്യ പ്രതിഭയാണ്! അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ഒരിക്കലും മോശമാകില്ല, അത് മോശമാണ് എന്ന് തോന്നിയാല്‍ തനിക്ക് ബുദ്ധികുറവായതിനാലാണ് അങ്ങനെ തോന്നിയതെന്ന് ഓരോ പ്രേക്ഷകനും സ്വയം ചിന്തിക്കും!! അത്തരത്തിലുള്ള പ്രേക്ഷകര്‍ ഇവിടെയില്ലാതെ പോയതാണ് ജോണി ആന്‍റണി എന്ന അതുല്യപ്രതിഭയുടെ പരാജയം! നമ്മള്‍ പ്രതീക്ഷിക്കുന്നതിലും ഒരുപടി മുകളിലുള്ള സിനിമകളാണ് ജോണി ആന്‍റണി സിനിമകള്‍! അത് അതേരീതിയില്‍ മനസ്സിലാക്കിയെടുക്കാന്‍ കഴിയുന്നില്ല എന്നത് നമ്മുടെ തെറ്റ്!! ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ മാരക ചിത്രങ്ങള്‍ക്ക് ശേഷം ജോണി ആന്‍റണി സംവിധാനം ചെയ്ത ചിത്രമാണ് തോപ്പില്‍ ജോപ്പന്‍..

ജോണി ആന്‍റണിയിലെ നോളനിസത്തെ തുറന്നുകാട്ടുന്നതാണ് ആദ്യ സീന്‍ തന്നെ.. ചില കഥാപാത്രങ്ങള്‍ ചേര്‍ന്ന് ഇനിയുള്ള കുറച്ചുനേരം ഞങ്ങളെ “സഹിക്കണം” എന്നുപറയുന്നു! എന്നാല്‍ സിനിമ തീരുമ്പോള്‍ പുറകോട്ട് ചിന്തിച്ചാല്‍ മാത്രമേ അങ്ങനെ പറഞ്ഞതിന്‍റെ പൊരുള്‍ എന്തായിരുന്നു എന്ന് പ്രേക്ഷകന് മനസ്സിലാവുകയുള്ളു!! അതാണ്‌ നോളനിസം! നല്ല കട്ട നോളനിസം!!

ആദ്യകാമുകിയെ കെട്ടാന്‍ കഴിയാത്ത വിഷമത്തില്‍ തികഞ്ഞ മദ്യപാനിയായ് മാറുന്ന ജോപ്പന്‍റെ ജീവിതകഥയാണ്‌ ചിത്രത്തിന്‍റെ ഇതിവൃത്തം.. സമീപകാലത്തെ മമ്മൂട്ടി ചിത്രങ്ങളില്‍ നിന്നും വളരെ വിത്യസ്തമാണ് ഈ ചിത്രം എന്തെന്നാല്‍ ഇതില്‍ പുള്ളി നാട് വിടുന്നുണ്ട്!!! എന്നാലോ ഡോണ്‍ ആവുന്നുമില്ല.. നേരെ അധോലോകത്തേയ്ക്ക് പോകുന്ന ജോപ്പന്‍ കള്ളക്കടത്ത് നടത്തി പണക്കാരനായാണ് തിരിച്ചുവരുന്നത്.. ഇവിടെയൊക്കെ ഹോട്ടലില്‍ പൊറോട്ട അടിക്കാന്‍ നിക്കണമെങ്കില്‍ പോലും എക്സ്പീര്യന്‍സ് വേണം, അധോലോകത്ത് അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല, കേരളത്തില്‍ നിന്നാണ് എന്ന് പറഞ്ഞാല്‍ മാത്രം മതി! നാട്ടില്‍ക്കൂടെ കബഡി കളിച്ച് നടക്കുന്നവന് വരെ എടുത്ത് കടത്താന്‍ സ്വര്‍ണം കൊടുക്കും!

രണ്ട് നായികമാരാണ് ചിത്രത്തില്‍ ആന്‍ഡ്രിയയും മമ്തയും. ജോപ്പന്‍റെ ആദ്യകാമുകിയായ ആനിയായ് ആന്‍ഡ്രിയയും നാട്ടില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ എത്തുന്ന ഡോക്ടര്‍ മരിയയായി മമ്തയും വേഷമിടുന്നു! സാധാരണയായി നാട്ടിന്‍പുറങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ വരുന്ന ഡോക്ടര്‍മാര്‍ പെട്ടെന്ന് മഴപെയ്യുമ്പോള്‍ കൂട്ടമായി ഒരേ സ്റ്റെപ്പില്‍ ഡാന്‍സ് കളിക്കാറില്ലേ! അതുപോലെ ഈ ചിത്രത്തിലും കാണിക്കുന്നുണ്ട്! അതായത് മഴക്കാലത്ത് ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തണമെങ്കില്‍ ഒരു മാസത്തെ ഡാന്‍സ് പ്രാക്ടീസ് വേണമെന്ന് ചുരുക്കം!!

വില്ലന്‍ എന്നുപറയാന്‍ കാര്യമായി ഒരെണ്ണമില്ല ഈ ചിത്രത്തില്‍.. ആകെ ഉള്ള ഒരു പോലീസ് ഇന്‍സ്പെക്ടറെ വില്ലനായി വളരാന്‍ സമ്മതിക്കാതെ ജോപ്പന്‍ അടിച്ചൊതുക്കിക്കളയുകയാണ്.. ക്ലൈമാക്സിലായാലും തുടക്കത്തിലായാലും വില്ലന്‍ അടിവാങ്ങണം.. എന്നാല്‍പ്പിന്നെ എന്തിന് അവസാനം വരെ ഇതിനെ കൊണ്ടുനടക്കണം എന്ന് വിചാരിച്ചിട്ടാവണം തുടക്കത്തിലേ പുള്ളിയെ സെറ്റില്‍ ചെയ്തുവിട്ടത്..

പിന്നെയുള്ളത് ഉഗ്രന്‍ ഗസ്റ്റ് റോളാണ്.. മരിയയുടെ കാമുകനായ തോമസുകുട്ടിയായ് ജൂഡ് ആന്‍റണി!! പുള്ളികൂടെ പെര്‍ഫോം ചെയ്തുതുടങ്ങിയപ്പോള്‍ സ്വതവേ ദുര്‍ബല പോരാത്തതിനിപ്പൊ ഗര്‍ഭിണിയുമായി എന്ന് പറഞ്ഞ അവസ്ഥയായ് പ്രേക്ഷകന്!!!

മരിയയെ കാമുകന്‍റെ കൂടെ പറഞ്ഞുവിട്ട് കള്ളുകുടി മാറ്റാന്‍ ധ്യാനം കൂടാന്‍ പോകുന്ന ജോപ്പന്‍ അവിടെവച്ച് പഴയ കാമുകിയെ കാണുന്നു! അവിടെ വച്ച് ജോപ്പനറിയുന്നു ആനി വിവാഹിതയല്ലെന്ന്, എന്നാല്‍ വിവാഹം കഴിക്കാനാണ് ധ്യാനത്തിന് വന്നതെന്ന്.. ഹോംനഴ്സായി ജോലി നോക്കിയ വീട്ടിലെ അമ്മച്ചിക്ക് മരണക്കിടക്കയില്‍ വച്ച് മോനെ കല്യാണം കഴിച്ചോളാം എന്ന് ആനി വാക്ക് കൊടുത്തത്രേ അതുകൊണ്ട് അത് തെറ്റിക്കാന്‍ പറ്റില്ലെന്ന്!! ഏത്..? പണ്ട് ജോപ്പനെ കാത്തിരിക്കാംന്ന് വാക്ക് കൊടുത്ത് അത് തെറ്റിച്ച, വേറെ ഒരുത്തനെ കെട്ടാന്‍ സമ്മതമാണെന്ന് പള്ളിയില്‍ വച്ച് അപ്പച്ചനും അമ്മച്ചിക്കും പള്ളീലച്ചനും കെട്ടാന്‍ വന്ന ചെക്കനും വാക്ക് കൊടുത്ത് അതും തെറ്റിച്ച അതേ ആനിയാണ് ഈ പറയണത്!!!

ഒടുവില്‍ ജോപ്പന്‍ പെണ്ണുകാണാന്‍ പോകുന്നു! മരിയയെ!! കാമുകന്‍റെ കൂടെ പോയ മരിയയെ കാമുകന്‍ നൈസായി തേച്ച് വിട്ടുപോലും!! ചുരുക്കിപ്പറഞ്ഞാല്‍ ആദ്യം ആനിയെ നഷ്ടമാകുന്നു, മരിയയെ കിട്ടുന്നു, പിന്നെ മരിയയെ നഷ്ടമാകുന്നു, അപ്പോള്‍ ആനി വരുന്നു, പിന്നീട് ആനിയെ വീണ്ടും നഷ്ടപ്പെടുന്നു, അപ്പോള്‍ വീണ്ടും മരിയ വരുന്നു!!! ആകെ മൊത്തം ഒരു കോമ്പ്ലിക്കേഷന്‍!! അതാണ്‌ ആദ്യമേ പറഞ്ഞത് ഇതൊരു നോളന്‍ ലെവല്‍ പടമാണെന്ന്! ആയതിനാല്‍ ഇതൊരു ഊളപ്പടമാണെന്ന് തോന്നിയവര്‍ മനസ്സിലാക്കുക നിങ്ങള്‍ക്ക് കാര്യമായ പൊതുവിജ്ഞാനമില്ല!!!