Tiyaan Malayalam Movie Review in Malayalam Language

Tiyaan Review

പ്രിത്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി കൂട്ടുകെട്ടില്‍ ടിയാന്‍ വരുന്നെന്ന് അറിഞ്ഞ അന്ന് വിചാരിച്ചിരുന്നു ഇതെന്തായാലും തിയേറ്ററില്‍ നിന്നും കാണണമെന്ന്, പക്ഷെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.. പ്രിയ കൂട്ടുകാരന്‍ അവന്‍റെ അഞ്ച് കൂട്ടുകാര്‍ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്തപ്പോള്‍ അതില്‍ ഒരുത്തന് ചില സാങ്കേതിക തകരാറുകള്‍ കാരണം ഹാജരാവാന്‍ കഴിയാതിരുന്നതിനാല്‍ ആ ഒഴിവിലേക്ക് എനിക്ക് നിയമനം ലഭിക്കുകയായിരുന്നു!!!

ഒരു സിനിമയെന്നതിലുപരി ഒരു സാഹിത്യമെന്നോ അല്ലെങ്കില്‍ ഒരു അനുഭൂതിയെന്നോ ഈ ചിത്രത്തിനെ വിശേഷിപ്പിക്കാമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം! മതത്തിന്‍റെ പേരില്‍ തമ്മില്‍ തല്ലുന്നവരോട് എല്ലാ മതവും ഒന്നാണെന്നും അല്ലെങ്കില്‍ ഓരോ മനുഷ്യനിലുമാണ് ദൈവമിരിക്കുന്നതെന്നും പറഞ്ഞു കൊടുക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.. “ഗുരു” എന്ന ലാലേട്ടന്‍ ചിത്രത്തിലൂടെ രാജീവ് അഞ്ചല്‍ ഈ വിഷയം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരുന്നു, എന്നാല്‍ മുരളി ഗോപിയുടെ പേന ഈ വിഷയത്തിലൂടെ ഒന്നുകൂടെ ആഴത്തില്‍ സഞ്ചരിച്ച് അതിനെ ആത്മീയതയിലൂടെ വരച്ചുകാട്ടി എന്നതാണ് വിത്യാസം..

ദൈവത്തിന്‍റെ പേരില്‍ മനുഷ്യര്‍ വളച്ചൊടിക്കുന്ന വിശ്വാസങ്ങളെയും നമ്മള്‍ ഉണ്ടാക്കിയെടുത്ത നിയമങ്ങളെയും എതിര്‍ക്കുന്ന പട്ടാഭിരാമന്‍ എന്ന ബ്രാഹ്മണനായി ഇന്ദ്രജിത്ത് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ പട്ടാഭിരാമന് ഊര്‍ജമായി, മതത്തില്‍ വിശ്വസിക്കാത്ത എന്നാല്‍ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന മുസല്‍മാനായ അസ്ലന്‍ മുഹമ്മദായി പ്രിത്വിരാജും മികച്ചുനിന്നു.. കുറിക്ക് കൊള്ളുന്ന ഡയലോഗുകളും ആരാധകരെ തൃപ്തിപ്പെടുത്തുന്ന ആക്ഷന്‍ സ്ലോ മോഷന്‍ രംഗങ്ങളും കയ്യടക്കത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു! എന്നാല്‍ സനാതന ധര്‍മ്മവും ആദിശങ്കര ചരിത്രവും വസുധൈവ കുടുംബകവും തത്വമസിയും ബ്രാഹ്മണ്യ മഹിമയും ദേവീദേവന്‍മാരുടെ സ്തുതികളും മന്ത്രോച്ചാരണങ്ങളും വല്ലാതങ്ങ് ഉപയോഗിച്ചുകളഞ്ഞപോലെ! ഇതിനെ ബാലന്‍സ് ചെയ്യാനെന്നപോലെ അല്ലാഹുവിന്‍റെ കയ്യൊപ്പും അന്‍ അല്‍ഹഖും പരാമര്‍ശിക്കുന്നു..

ടെക്നിക്കല്‍ സൈഡും ഓരോ അഭിനേതാവിന്‍റെയും പ്രകടനങ്ങളും ഒന്നിനൊന്ന് മികച്ച നിലവാരം പുലര്‍ത്തിയ ചിത്രമാണെന്ന് പറയാതെ തരമില്ല എന്നിരുന്നാലും ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന്‍ കണ്ടതിനാലാണോ എന്തോ കാത്തിരുപ്പിനെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ പോയോ ഈ ചിത്രം എന്നൊരു സംശയം!!  തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്! കാരണം എന്താണ് തനിക്ക് അങ്ങനൊരു സംശയമെന്ന് ചോദിച്ചാല്‍ ഒരുപാട് പ്രതീക്ഷകളുമായി കാണാന്‍ പോയതുകൊണ്ട് മാത്രമാണെന്നെ എനിക്ക് പറയാനുള്ളൂ!! 😉