Varnyathil Aashanka Malayalam Movie Review in Malayalam Language

Varnyathil Aashanka

വര്‍ണ്യത്തില്‍ ആശങ്ക കണ്ടു!!! ചളിയുടെ പടുകുഴിയില്‍ വീണുകൊണ്ടിരുന്ന സുരാജ് എന്ന അഭിനേതാവിന് നാഷണല്‍ അവാര്‍ഡ് കൊടുത്ത് നല്ലൊരു നടനാക്കി മലയാള സിനിമക്ക് കാണിച്ചുതന്ന നാഷണല്‍ അവാര്‍ഡ് ജൂറികള്‍ക്ക് ഹൃദയത്തില്‍ തൊട്ടൊരു നന്ദി അറിയിച്ചുകൊണ്ട്‌ തുടങ്ങട്ടെ..

“ഗപ്പി” എന്ന മലയാളസിനിമ ഇറങ്ങിയിട്ട് ഈ ആഗസ്ത് 5ന് ഒരു വര്‍ഷമാകുന്നു.. എന്തുകൊണ്ടോ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ അല്ലെങ്കില്‍ നമ്മള്‍ പ്രേക്ഷകര്‍ ചതിച്ചുകൊന്ന ഗപ്പിയുടെ വാര്‍ഷിക ദിനത്തിനും ഒരാഴ്ച മുന്‍പാണ് “വര്‍ണ്യത്തില്‍ ആശങ്ക” തിയേറ്ററുകളില്‍ എത്തിയത്.. ഗപ്പിയെക്കുറിച്ച് പറയാന്‍ കാരണം മറ്റൊന്നുമല്ല, വര്‍ണ്യത്തില്‍ ആശങ്ക കാണാനായി കയറിയ തിയേറ്ററിലെ അവസ്ഥയും ചിത്രത്തിന്‍റെ നിലവാരവും തന്നെയാണ്..

അത്യാവശ്യമായി കുറച്ചധികം പണം ആവശ്യം വരുന്ന നാല് കള്ളന്മാര്‍ ഒരു മോഷണം നടത്തുന്നതും ഇതിനിടയിലേക്ക് ഒരു കഥാപാത്രം കടന്നു വരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.. ദയാനന്ദന്‍ എന്ന കഥാപാത്രമായി സുരാജ് തകര്‍ത്തു.. രചന നാരായണന്‍കുട്ടി ഓവര്‍ ആക്ടിംഗിന്‍റെ മരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും വളരെ വൃത്തിയായി തന്നെ തന്‍റെ വേഷം കൈകാര്യം ചെയ്തു! ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം, അംഗമാലിയിലെ പോര്‍ക്ക് വര്‍ക്കിയെ അവതരിപ്പിച്ച കിച്ചു, ഏവരും മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു.. നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴും നല്ല സിനിമയുടെ ഭാഗമാകാന്‍ കുഞ്ചാക്കോ ബോബന്‍ കാണിക്കുന്ന സന്മനസ്സിനോട് നിറഞ്ഞ ബഹുമാനവും തോന്നി!!

മറ്റൊരു “തൊണ്ടിമുതല്‍” കണ്ട പ്രതീതിയോടെയാണ് ഞാന്‍ തിയേറ്ററില്‍ നിന്നും ഇറങ്ങിയത്.. നാളെ ഡി.വി.ഡി ഇറങ്ങുമ്പോള്‍ അല്ലെങ്കില്‍ ടോറന്‍റില്‍ പടമെത്തുമ്പോള്‍ വാനോളം പുകഴ്ത്താനുള്ള ഒരു ചിത്രമായി ഇതിനെ മാറ്റാതിരിക്കുക..