Velipadinte Pusthakam Malayalam Movie Review

ലാല്‍ ജോസ് – ലാലേട്ടന് കൂട്ടുകെട്ടില്‍ ആദ്യമായി ഒരു ചിത്രം.. അങ്കമാലി ഡയറീസ് എന്ന കൊച്ചുചിത്രത്തിലൂടെ വലിയ പ്രശംസകള്‍ നേടിയ അപ്പാനി രവി അഥവാ ശരത് കുമാറിന്റെ രണ്ടാം ചിത്രം.. ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഒരു കിടിലന്‍ പാട്ട്.. അങ്ങനെ പ്രതീക്ഷകള്‍ ഏറെയായിരുന്നു വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്.. കുറച്ചു നാളുകള്‍ക്ക് മുന്‍പ് തന്നെ ഫാന്‍സ് ഷോയുടെ ടിക്കറ്റുകള്‍ വാങ്ങിവച്ചതിനാല് വലിയ ബുദ്ധിമുട്ടില്ലാതെ 8 മണിയുടെ ഷോയ്ക്ക് തന്നെ കയറാന്‍ സാധിച്ചു..
വെളിപാടിന്റെ പുസ്തകം എന്ന സിനിമയുടെ റിവ്യൂ എഴുതും മുന്‍പേ എടുത്ത് പറയേണ്ടത് മറ്റൊരു ചിത്രത്തിന് സംഭവിച്ച കാര്യമാണ്.. “ചന്ദ്രോത്സവം” !! മുണ്ടും മടക്കി കുത്തി മീശയും പിരിച്ച് ഒരു നരസിംഹം സ്റ്റൈല്‍ “മാസ്” ലാലേട്ടനെ കാണാന്‍ പോയപ്പോള്‍ അന്ന് നമുക്ക് കിട്ടിയത് ഒരു “ക്ലാസ്” ലാലേട്ടനെ ആയിരുന്നു.. പ്രതീക്ഷിച്ചത് കിട്ടാതിരുന്നതിനാല്‍ ഏറെ നിരാശരായ പ്രേക്ഷകര്‍ ചന്ദ്രോത്സവത്തെ എഴുതിത്തള്ളിയപ്പോള്‍ മലയാളത്തിന് നഷ്ടമായത് മികച്ച ഒരു ചിത്രമായിരുന്നു!! ഏറെ വ്യത്യസ്തമല്ല ഇന്ന് വെളിപാടിന്റെ പുസ്തകമെന്ന ചിത്രവും.. പോസ്റ്ററിലെ ഇടിയന് ഇടിക്കുളയെ കാണാന്‍ മാസും ആക്ഷനും പ്രതീക്ഷിച്ച് തിയേറ്ററില്‍ എത്തുന്നവര്‍ക്ക് മുന്പില് ലാല്‍-ലാല്‍ കൂട്ടുകെട്ട് കാഴ്ചവെക്കുന്നത് ഒരു പക്കാ ഫാമിലി മൂവിയാണ്..
ഒരു ക്യാമ്പസ് പശ്ചാത്തലത്തില്‍ തുടങ്ങുന്ന ചിത്രത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ മൈക്കില്‍ ഇടിക്കുളയായിട്ടാണ് ലാലേട്ടന് കടന്നുവരുന്നത്.. എന്നും പ്രശ്നങ്ങള്‍ നിറഞ്ഞ ക്യാമ്പസില്‍ സമാധാനം കൊണ്ടുവരുന്ന സ്ഥിരം ക്ലീഷേ പ്രൊഫസര്‍ ആയിരുന്നെങ്കിലും ലാല്‍ മാനറിസങ്ങള്‍ക്ക് മുന്പില് നമ്മള് ക്ലീഷേയുടെ അപാകതകള്‍ പാടെ മറക്കുന്നു.. സലിം കുമാറിന്റെ കോമഡികള്‍ തിയേറ്ററില്‍ കയ്യടി സൃഷ്ടിച്ചു.. പ്രത്യേകിച്ച് സിദ്ധിക്കിനെ കാണുന്ന സീന്‍.. അതുപോലെ അടികിട്ടിക്കഴിഞ്ഞുള്ള പ്രകടനം മുതലായവ!!
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച അപ്പാനി അഥവാ ശരത് ചിത്രത്തിലെ “ജിമിക്കിക്കമ്മല്” എന്ന പാട്ടിലെ എനര്‍ജെറ്റിക് ഡാന്‍സിലൂടെ ചിത്രം ഇറങ്ങും മുന്‍പേ തന്നെ സംസാരവിഷയമായിരുന്നു.. ഏറെ പ്രതീക്ഷ അര്‍പ്പിക്കാവുന്ന ഒരു നടനാണ് താനെന്ന് അടിവരയിട്ട് പറയുന്ന പ്രകടനമാണ് ശരത് ഇതിലും കാഴ്ചവച്ചത്..
ഒരുപാട് പ്രതീക്ഷകളുമായി തിയേറ്ററില്‍ കയറാതിരുന്നാല്‍ തീര്‍ച്ചയായും നമുക്ക് ഇഷ്ടപ്പെടുന്ന ചിത്രം തന്നെയാണ് വെളിപാടിന്റെ പുസ്തകം.. ഇടിക്കുള ഇടിയനല്ല!! ഒരു നല്ല ഇടയനാണ്!!