Vikram Vedha Tamil Movie Review in Malayalam

Movie review - Vikram Vedha

റിലീസിംഗ് ദിവസം തന്നെ കാണാന്‍ ഉറപ്പിച്ചിരുന്നെങ്കിലും ചില “സാങ്കേതിക-സാമ്പത്തിക” കാരണങ്ങളാല്‍ ഇന്നാണ് വിക്രം-വേദ കാണാന്‍ സാധിച്ചത്!!: 😛 തമിഴകത്തെ മിനിമം ഗ്യാരന്‍റി നടനായ വിജയ്‌ സേതുപതിയും തന്‍റെ കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ച് “ഇരുദി സുട്ട്ര്”ലൂടെ തിരിച്ചുവരവ് നടത്തിയ മാധവനും പിന്നെ നല്ല കിണ്ണംകാച്ചിയ ട്രെയിലറും!! ഇതില്‍ കൂടുതല്‍ എന്ത് വേണം പ്രതീക്ഷയും ആവേശവും തരാന്‍…?!! വലിയ പ്രതീക്ഷയും മൂത്ത ആവേശവുമായി ഞാനും തിയേറ്ററില്‍ കയറി!!

നിഗൂഡതകള്‍ നിറഞ്ഞ മന്ത്രവാദിക്കായി വേതാളത്തെ കീഴ്പ്പെടുത്താന്‍ പോകുന്ന വിക്രമാദിത്യ രാജാവ്, കീഴടങ്ങുന്ന വേതാളം ഓരോ തവണയും ഓരോ കഥകളിലൂടെ രാജാവിന്‍റെ നീതിബോധത്തെ ചോദ്യം ചെയ്ത് രക്ഷപ്പെടുന്നു!! വേണമെങ്കില്‍ ഈ കഥയുടെ ഒരു ആധുനികഭാഷ്യമാണ് വിക്രം-വേദ എന്ന് പറയാം!! മാസ് മൂവിയുടെ ചേരുവകള്‍ ഒട്ടും കുറയ്ക്കാതെ ഒരു പൊടിക്ക് പോലും അധികവും ആവാതെ നമ്മള്‍ കൊടുത്ത 120 രൂപയോട് 130% നീതിപുലര്‍ത്തുന്നു ഈ ചിത്രം!! എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ വിക്രമായി മാധവനും ഒന്നിനെയും കൂസാത്ത ഗുണ്ടാത്തലവനായ വേദയായ് വിജയ്‌ സേതുപതിയും മത്സരിച്ച് അഭിനയിച്ചു!

മാധവന്‍ മോശമായിട്ടല്ല പക്ഷെ വിജയ്‌ സേതുപതിയുടെ പ്രകടനം എടുത്തുപറയേണ്ടിയിരിക്കുന്നു!! മാധവനെ അപേക്ഷിച്ച് സേതുപതിക്ക് സ്പേസ് കുറവായിരുന്നെങ്കില്‍ പോലും പടം കണ്ടിറങ്ങുന്ന ഓരോരുത്തരും പറഞ്ഞുപോകും “സേതുപതി ഒരു രക്ഷേല്ല!! പൊളിച്ച്!!”. ചില ബിസിനസ് സംരംഭങ്ങളുടെ പേരിനു അടിയില്‍ വെക്കുന്ന ടാഗ് പോലെ അല്ലെങ്കില്‍ നമ്മുടെ ലാലേട്ടനെ “ദി കമ്പ്ലീറ്റ് ആക്ടര്‍” എന്ന് വിശേഷിപ്പിക്കുമ്പോലെ വേണമെങ്കില്‍ സേതുപതിക്കും ഒരു ടാഗ് ഇടാം “വിജയ്‌ സേതുപതി- വിശ്വാസത്തിന്‍റെ പ്രതീകം!!” കാരണം സേതുപതിയുടെ ചിത്രങ്ങള്‍ക്കെല്ലാം ഒരു മിനിമം ഗ്യാരന്‍റിയുണ്ട്, വിശ്വസിച്ച് അയാളുടെ സിനിമകള്‍ക്ക് കയറാം!! തമിഴക-നായക സങ്കല്‍പ്പത്തിന്‍റെ സ്ഥിരം ക്ലീഷേകളെ പൊളിച്ചെഴുതി നായകനായി ഉയര്‍ന്നുവരുന്ന നടനാണ്‌ സേതുപതി..

സ്പടികത്തിലെ ആടുതോമയായ് ലാലേട്ടന്‍റെ സ്ഥാനത്ത് ചാക്കോച്ചനെ സങ്കല്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു മനപ്രയാസമായിരുന്നു പണ്ട് മാധവനെ ഒരു റഫ് വേഷത്തില്‍ സങ്കല്‍പ്പിക്കുമ്പോള്‍.. എന്നാല്‍ താന്‍ വെറും ചോക്ലേറ്റ് നായകനല്ല എന്നത് “ആയുധ എഴുത്തിലൂടെ” മാധവന്‍ തെളിയിച്ചതാണ്! ഇവിടെ വിക്രം വേദയിലും വിക്രമെന്ന റഫ് പോലീസുകാരന്‍ നൂറ് ശതമാനവും മാഡിയുടെ കൈകളില്‍ ഭദ്രമായിരുന്നു!!

സിനിമ കണ്ട് തികഞ്ഞ തൃപ്തിയോടെ പുറത്തേക്കിറങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു, ഒരു പക്ഷെ “തനി ഒരുവന്‍” എന്ന ചിത്രത്തില്‍ ജയം രവിക്ക് പകരം മാധവനോ സേതുപതിയോ ആയിരുന്നെങ്കിലോ..? അരവിന്ദ് സ്വാമിയുടെ പ്രകടനത്തിന് മുന്‍പില്‍ ജയം രവിയുടെ മിത്രന്‍ ഒരു പരിധിവരെ പരാജയമായിരുന്നില്ലേ??