Villain Malayalam Movie Review in Malayalam Language

എന്റെ വീട്ടില്‍ നിന്നും ഏകദേശം ഒരു 8 കിലോമീറ്റര്‍ അപ്പുറത്ത് ഒരു ഹോട്ടലുണ്ട്, അവിടുത്തെ പ്രത്യേകത എന്താണെന്നുവച്ചാല്‍ 100 രൂപയ്ക്ക് ബിരിയാണി കിട്ടും.. ഒരുപാട് വെന്തുപോയ റേഷന്‍ അരി പോലെ കട്ട പിടിച്ച റൈസ്, പുളിയാണോ കയ്പ്പാണോ എന്നറിയാന്‍ പ്രയാസമുള്ള നാരങ്ങാ അച്ചാര്‍, പിന്നെ മോരുംവെള്ളത്തില്‍ ഉള്ളി അരിഞ്ഞിട്ടപോലെ സലാഡും!! എന്നിരുന്നാലും ഈ ബിരിയാണിയിലെ ചിക്കന്‍.. അതൊരു രക്ഷേം ഇല്ല!! നല്ല മുറുമുറുപ്പുള്ള പൊരിച്ച പീസ് മസാലയൊക്കെ കൂട്ടി കട്ടപിടിച്ച റൈസിനുള്ളില് ഉണ്ടാവും!! ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങളില്‍ പലരും അവിടെ ബിരിയാണി കഴിക്കാനല്ല, മറിച്ച് ഈ ചിക്കന്‍ പീസ് കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു പൊയ്ക്കൊണ്ടിരുന്നത്!! പ്രശ്നം എന്താണെന്ന് വച്ചാല്‍, ബിരിയാണി നല്ലതാണോ എന്ന് ചോദിക്കുന്ന ആളോട് നല്ലതാണ് എന്ന് പറയാന്‍ പറ്റില്ല!! ചിക്കന്‍ മാത്രം നന്നായതുകൊണ്ട് ബിരിയാണി നന്നാവില്ലല്ലോ!!
പറഞ്ഞുവന്നത് വേറൊന്നുമല്ല!! ഏതൊരു മോശം തിരക്കഥയും തന്റെ പ്രസന്‍സ് കൊണ്ട് നന്നാക്കാന്‍ കഴിവുള്ള ആളാണ് മോഹന്‍ലാല്‍ എന്ന് മുന്‍പ് രഞ്ജിത് പറഞ്ഞിരുന്നു.. നൂറല്ല നൂറ്റൊന്ന് ശതമാനം ആ പറഞ്ഞത് ശരിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തും “വില്ലന്‍”.. പുലിയെ മടയില്‍ പോയി വേലെറിഞ്ഞ് വീഴ്ത്തുന്ന മുരുകനോ, അടച്ചിട്ട മുറിയില്‍ അഞ്ചാറ് പോലീസുകാരെ ഇടിച്ചു വീഴിച്ച അന്ധനായ ജയരാമനോ ഒന്നുമല്ല ഇവിടെ, എന്നാല്‍ വിളിച്ചു വരുത്തി ആളെ കളിയാക്കി വിട്ട കാസിനോവയും അല്ല!! മാത്യു മാഞ്ഞൂരാന്റെ ലെവല്‍ മനസ്സിലാക്കാന്‍ ഒരേ ഒരു സീന്‍ മതി, ആശുപത്രിയില്‍ നിന്നുള്ള ആ ഇമോഷണല്‍ ക്ലോസപ്പ്!
ഒരു ത്രില്ലര്‍ ചിത്രത്തിന് വേണ്ട വേഗത ഇല്ലാതെ പോയതും, വെറും ആവറേജ് കഥയെ ഇത്ര വന്‍ ഹൈപ്പില്‍ അവതരിപ്പിച്ചതും തന്നെയാകാം വില്ലന്‍ എന്ന ചിത്രത്തിന്റെ വില്ലനാകാന്‍ പോകുന്നത്.. ഒരു ശരാശരി കഥയെ പതുക്കെ അവതരിപ്പിച്ചാല്‍ അത് ക്ലാസ് ആവുമെന്ന് സംവിധായകന് തോന്നിയോ എന്തോ!! ഹാന്‍സിക എന്തിനായിരുന്നു? സിദ്ധിക്ക് എന്തിനായിരുന്നു? എനിക്ക് മനസ്സിലായില്ല!! ഇല്ലത്തുന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തീതുമില്ല എന്ന് പറഞ്ഞപോലെ ഇമോഷണല്‍ ത്രില്ലര്‍ ആണെന്ന് പറയേം ചെയ്തു ഇമോഷനും അടിച്ചില്ല ത്രില്ലും അടിച്ചില്ല!!
ചിക്കന്‍ നല്ലതാണ് അതുകൊണ്ട് നിങ്ങള്‍ ബിരിയാണി കഴിക്കണം എന്ന് ഞാന്‍ പറയുന്നില്ല!! അടുത്തകാലത്തെ ലാലേട്ടന്റെ മികച്ച പെര്‍ഫോര്‍മന്‍സ് ആസ്വദിക്കാന്‍ തിയേറ്ററില്‍ പോകണമെന്നുള്ളവര്‍ക്ക് പോകാം, ഞാന്‍ കണ്ടു എനിക്കിഷ്ടമായി!! തിരികെ ഇറങ്ങിയപ്പോള്‍ ആണ് പോസ്റ്ററില്‍ വില്ലന്‍ എന്ന് വലുതാക്കി എഴുതിയതിന്റെ അടിയില്‍ ചെറുതാക്കി ഉണ്ണികൃഷ്ണന്. ബി എന്നും കണ്ടത്!! സത്യമാണെന്ന് തോന്നി!! പുള്ളി തന്നെയാണ് വില്ലന്‍ 😉