Just what we all needed is an “Aanukaanal”

സമര്‍പ്പണം :- പെണ്ണുകാണാന്‍ നടന്ന് ജീവിതം വെറുത്തുപോയവര്‍ക്ക്!!

പെണ്ണ് മൂക്കുന്നതാണ് കാര്‍ന്നവന്മാര്‍ക്ക് എന്നും വേവലാതി.. കെട്ടിക്കാന്‍ പ്രായമായ പെണ്ണുങ്ങളെ കുറിച്ചോര്‍ക്കുന്ന ആരും സകല കെട്ടും പൊട്ടി പെണ്ണ് തിരഞ്ഞ് നടക്കുന്നവരുടെ പ്രശനങ്ങളെക്കുറിച്ച് ഓര്‍ക്കുന്നില്ല എന്നതാണ് സത്യം!! ഒന്നില്‍ ഒന്‍പത് വട്ടം തോറ്റ് പഠിച്ച പെണ്ണിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വേണമെന്നുള്ള സ്ഥിതിയാണ് ഇന്ന് നാട്ടില്‍.. കല്യാണകമ്പോളത്തിലേയ്ക്കുള്ള ഈ സര്‍ക്കാര്‍ ക്വോട്ടയുടെ കടന്നുവരവ് ചില്ലറ ജോലിക്കാരായ കല്യാണമോഹികളുടെ മോഹങ്ങള്‍ക്ക് മീതെ വീണൊരു ഇടിത്തീയാണ്, വീട്ടുകാരുടെ മുഴുവന്‍ അളവ് തൂക്കങ്ങള്‍ക്ക് വിധേയനായി കയ്യുംകെട്ടി ഇരുന്ന് ഒടുവില്‍ “ഞങ്ങള്‍ സര്‍ക്കാര്‍ ജോലിക്കാരെയാ നോക്കുന്നത്” എന്ന തന്തപ്പിടിയുടെ പ്രസ്താവനയ്ക്ക് മുന്‍പില്‍ ചൂളിപ്പിടിച്ച് കയ്യിലുള്ള ഗ്ലാസ്സിലെ അവസാന തുള്ളി ചായയും ആഞ്ഞ് വലിച്ച് കുടിച്ച്, ഒരു തേഞ്ഞ ചിരിയും ചുണ്ടില്‍ വിരിച്ച് ചങ്കുംപൊട്ടി ഓരോ വീടിന്‍റെയും പടി എണ്ണി എണ്ണി ഇറങ്ങുന്നവന്‍റെ വേദന ഇന്നേവരെ ഒരു പെണ്ണും അറിഞ്ഞിട്ടില്ല എന്നിടത്താണ് ഈ “ആണുകാണലിന്‍റെ” പ്രസക്തി!! അണിഞ്ഞൊരുങ്ങി ചായയും കൊണ്ട് വരുന്നതിലും ബുദ്ധിമുട്ടാണ് മക്കളെ വേഷംകെട്ടി ചായകുടിക്കാന്‍ നടക്കുന്നത്!!!

Funny Love story malayalam

ഡിമാന്റുകള്‍ എന്നും പെണ്ണുവീട്ടുകാര്‍ക്കാണ് കൂടുതല്‍, ചെക്കന്‍ സര്‍ക്കാര്‍ ജോലിയുള്ളവനാകണം, കാര്‍ വേണം, വെളുത്ത നിറം വേണം, പെണ്ണിനെ നല്ലപോലെ നോക്കണം, സന്ധ്യക്ക് വീട്ടിലെത്തണം, കള്ളുകുടിക്കരുത്, ചൂടുവെള്ളത്തില്‍ കുളിക്കരുത്, നാരങ്ങാമുട്ടായി തിന്നരുത് തുടങ്ങി ലിസ്റ്റ് ഒരുപാട് നീളും! അതുകൊണ്ട് തന്നെയാണ് ആണുകാണല്‍ എന്തുകൊണ്ടും വളരെ എളുപ്പമായി മാറുന്നത്!! എന്തെന്നാല്‍.. വരുന്ന ഒരുപാട് പേരില്‍ നിന്നും ഇങ്ങനെ ഒരുത്തനെ സെലക്റ്റ് ചെയ്യുന്നതിലും നല്ലത് ഇങ്ങനെ ഒരാളെ തേടി ഇറങ്ങുന്നതാണ്!! ഇത് വേണ്ടെന്നും പറഞ്ഞ് മാറ്റിയിടാന്‍ ജൌളിക്കടയില്‍ നിരത്തിയിട്ട സല്‍വാറുകള്‍ അല്ല ആണുങ്ങള്‍!!

മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടിനുമുന്‍പില്‍ ബോര്‍ഡുകള്‍ ഉണ്ടാവും, അല്ലെങ്കില്‍ ഏത് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉള്ളവനെയാണോ വേണ്ടത് അവിടെ കയറിച്ചെന്ന് കല്ല്യാണം കഴിക്കാത്തവരുടെ ലിസ്റ്റ് എടുത്താലും മതി.. എന്നിട്ട് അവരുടെ വീട്ടില്‍ കയറിച്ചെന്ന് ചെക്കനെ ചോദിക്കാം!! നാട് മുഴുവന്‍ നടന്ന് നാറാണക്കല്ല് പറച്ച് വരുന്നവനെ നാണംകെടുത്തുന്നതിലും എന്തുകൊണ്ടും നല്ലത് ഇതുതന്നെയല്ലേ!!

Funny Love story malayalam

ഒരു പണിയുമില്ലാതെ ടെലി”വിഷം” സീരിയലുകള്‍ മൂന്നും നാലും തവണകണ്ട് മനപ്പാഠം പഠിക്കുന്ന പെണ്ണിനെ കാണാന്‍ ഒരു ദിവസത്തെ പണിയും ലീവാക്കി ചെല്ലണം എന്നതിലെ ഔചിത്യം എന്താണ്!! തന്‍റെ സമ്പാദ്യം മുഴുവന്‍ ചിലവാക്കി ജീവിതകാലം മുഴുവന്‍ നോക്കാന്‍ നിങ്ങളുടെ മോളെ തരുവോ എന്ന് ചോദിക്കുന്നതിലും വൃത്തിയല്ലേ നിങ്ങള്‍ക്ക് എന്‍റെ മോളെ നോക്കാന്‍ പറ്റ്വോ എന്ന് ചോദിക്കുന്നത്..

Funny Love story malayalam

ഇതിനേക്കാളെല്ലാം ഹൈലൈറ്റ് മറ്റൊന്നാണ്! പെണ്ണിന് കെട്ടുപ്രായം എത്തിയാല്‍ വീട്ടുകാര്‍ ശ്രദ്ധിക്കും, എന്നാല്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ മൂത്ത് കൊലച്ച് ഉത്തരം പൊളിച്ച് വളരുന്ന വിഭാഗമാണ് ആണുങ്ങള്‍!! ഒന്ന് രണ്ട് കൊള്ളാവുന്ന വീട്ടുകാര്‍ ആണ് ചോദിച്ച് വന്നാല്‍, എന്‍റെ മോനും കല്യാണപ്രായമായി എന്ന തോന്നല്‍ വീട്ടുകാര്‍ക്ക് ഉണ്ടാവുമല്ലോ!! ഇങ്ങനെ എല്ലാം കൊണ്ടും ഒരു മാറി ചിന്തിക്കല്‍ അത്യാവശ്യമായിരിക്കുകയാണ്!!

രത്നച്ചുരുക്കം :- ഒരു ചായക്ക്‌ മൂന്ന് രൂപ വിലയുള്ളപ്പോള്‍ തുടങ്ങിയ നടത്തമാണ്! ഇന്ന് വില 8 ആയി!!!! നടക്കാന്‍ മടിച്ചിട്ടല്ല, നടക്കാത്ത കാര്യത്തിനാണല്ലോ ഈ നടത്തമെന്ന് ഓര്‍ത്തിട്ടാ!! നിങ്ങള്‍ക്ക് വേണ്ടവരെ നിങ്ങള്‍ അന്വേഷിച്ച് വന്നാല്‍ “എനിക്ക് ഈ പെണ്ണ് വേണ്ട, സര്‍ക്കാര്‍ ജോലി ഉള്ളവള്‍ മതി” എന്ന് ഞങ്ങള്‍ ഒരിക്കലും പറയില്ല!!