Kalabhavan Mani – A Tribute

നിലച്ചു ആ മണിനാദം!

സ്വതസിദ്ധമായ ചിരിയിലൂടെ മലയാളി മനസ്സിലേക്ക് കയറിവന്ന ചാലക്കുടിക്കാരന്‍ ഇനി നമുക്കൊപ്പം ഇല്ല! അപ്രതീക്ഷിതമായ ആ വിയോഗം നമുക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തതാണ്.. നായകനായും, സഹനടനായും, വില്ലനായും 23 വര്‍ഷങ്ങളോളം നമുക്കൊപ്പമുണ്ടായിരുന്നു ആ അതുല്ല്യ പ്രതിഭ! കൈവച്ച വേഷങ്ങളിലെല്ലാം തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളായിരുന്നു നമ്മുടെ മണിച്ചേട്ടന്‍.. സിനിമാകഥകളെയും വെല്ലുന്ന ജീവിതസന്ദര്‍ഭങ്ങളിലൂടെ കടന്നുവന്ന കലാകാരന്‍ നമുക്കെന്നും ഒരു പ്രചോദനമാണ്.. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികച്ച അഭിനേതാവിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായിരുന്ന മണിച്ചേട്ടന്‍ മികച്ച വില്ലനും ഹാസ്യതാരത്തിനും അടക്കം മറ്റനേകം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്..

1993ല്‍ സമുദായം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ മണി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം സല്ലാപമായിരുന്നു.. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ സൂത്രവാക്യമായി മാറുകയായിരുന്നു മണി, ദിലീപ്-കലാഭവന്‍ മണി, ജയറാം-കലാഭവന്‍ മണി കൂട്ടുകെട്ടുകള്‍ പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം കൊളുത്തി.. ദില്ലിവാല രാജകുമാരന്‍, കുബേരന്‍, സമ്മര്‍ ഇന്‍ ബത്ലഹേം, മന്ത്രമോതിരം തുടങ്ങി മലയാളി മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒട്ടനേകം കഥാപത്രങ്ങളിലൂടെ മണിച്ചേട്ടന്‍ നമ്മെ ചിരിപ്പിച്ചു..

Kalabahavan Mani

ഹാസ്യം മാത്രമല്ല വൈകാരിക മുഹൂര്‍ത്തങ്ങളും തനിക്ക് വഴങ്ങുമെന്ന് മണിച്ചേട്ടന്‍ നമ്മെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.. അന്ധനായ രാമുവായി വെള്ളിത്തിരയില്‍ ജീവിച്ചുകാണിച്ച മണി പ്രേക്ഷകരുടെ കണ്ണും മനസ്സും നിറച്ചു.. ദേശീയ പുരസ്കാരത്തിന് തൊട്ടടുത്ത് എത്തിയ പ്രകടനമായിരുന്നു അത്, അന്ന് മണിക്ക് ലഭിക്കാതെ പോയ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരമാണ് ഇന്ന് ചാര്‍ലിയില്‍ ദുല്‍ക്കര്‍ന് ലഭിച്ചതെന്നത് അതിശയകരമായ സത്യം!!!

Kalabahavan Mani

രാക്ഷസരാജവിലെ ഗുണശേഖരനും ചോട്ടാമുംബൈലെ നടേശനും മണിച്ചേട്ടന്റെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ്.. ചിരിപ്പിച്ച് ചിരിപ്പിച്ച് മണി വില്ലനായപ്പോള്‍, അതുവരെ മലയാളം കണ്ട പല വില്ലന്മാര്‍ക്കും മേലെ നിന്നു ആ പ്രകടനം!! നായകനേക്കാള്‍ വേണമെങ്കില്‍ വില്ലനും ഷൈന്‍ ചെയ്യാമെന്ന് നമുക്ക് ബോധ്യപ്പെടുത്തി തന്നതും ഈ പ്രകടനങ്ങള്‍ തന്നെ.. 2002ലെ മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ജെമിനി എന്ന തമിള്‍ ചിത്രത്തിലൂടെ മണിയെ തേടി വന്നതും ഈ മികവിനുള്ള അംഗീകാരം!

Kalabhavan Mani

ഏറെക്കാലം നായകനായും കലാഭവന്‍ മണി നമുക്കൊപ്പമുണ്ടായിരുന്നു, ബെന്‍ ജോണ്‍സണ്‍, എം.എല്‍.എ മണി പത്താം ക്ലാസും ഗുസ്തിയും, ലോകനാഥന്‍ ഐ.എ.എസ്, ചാക്കോ രണ്ടാമന്‍ അങ്ങനെ പോകുന്നു നായകവേഷത്തിലെത്തിയ ചിത്രങ്ങളുടെ ലിസ്റ്റ്..

Kalabhavan Mani

മലയാളത്തിനപ്പുറം തമിള്‍, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും മണി തന്റെ സാനിദ്ധ്യം അറിയിച്ചിട്ടുണ്ട്..

ഈ വര്‍ഷത്തെ തീരാ-നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പേരുംകൂടെ ചേര്‍ക്കപ്പെടുമ്പോള്‍ മലയാളത്തിന് നഷ്ടമാകുന്നത് അതുല്യനായ ഒരു കലാകാരനെ.. ഇനി നാം കേള്‍ക്കില്ല ആ ചിരി, നമുക്കായ് ഒരിക്കല്‍ക്കൂടെ നാടന്‍പാട്ടുകളുടെ താളം ചാലക്കുടിയില്‍ നിന്നും മുഴങ്ങില്ല.. കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍..