Movie Review – Ivan Maryadaraman

ഇവന്‍ മര്യാദരാമന്‍

അങ്ങ് ദൂരെയെങ്ങോ ഉള്ളൊരു സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.. കാലാകാലങ്ങളായി മലയാളത്തില്‍ കണ്ടുവരുന്ന ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പും പകയും പ്രതികാരവും കൊലപാതകവും ഈ സിനിമയിലും കണ്ടുപോയാല്‍ അത് തികച്ചും സാങ്കല്‍പ്പികം മാത്രം!! കാരണം ഇത് തികച്ചും വെറൈറ്റിയാണ്!! അമ്മച്ചിയാണേ വെറൈറ്റിയാണ്!!

1

കൊലപാതകത്തില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്ത് ഉപരിപഠനത്തിനായി വിയ്യൂരേയ്ക്ക് പോയ വില്ലന്റെ കുടുംബത്തോട് ഏറ്റുമുട്ടി നായകന്റെ അച്ഛന്‍ മരിക്കുന്നിടത്താണ് സിനിമയുടെ തുടക്കം, ആയതിനാല്‍ തന്നെ വളരെ ചെറുപ്പത്തില്‍ നാട് വിട്ട് പോകേണ്ടി വരുന്നു നമ്മുടെ നായകനായ ദിലീപേട്ടന്…! അങ്ങ് പൂനെയിലെയ്ക്ക്.. പൂനെയില്‍ മാതൃഭാഷ മലയാളമാണോ എന്നൊരു സംശയം കാണികളില്‍ ചിലര്‍ക്ക് വന്നു.. കാരണം വഴിയില്‍ കാണുന്ന കുട്ടിയും പട്ടിയും ചട്ടിയുമെല്ലാം മലയാളമാണ് പറയുന്നത്!!!

വല്ലപ്പോഴും ഒരു ഹിന്ദിക്കാരനെ കാണാമെങ്കിലും കൂടുതല്‍ ഹിന്ദിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം നായകനെ എങ്ങനെയെങ്കിലും നാട്ടിലേയ്ക്ക് വിടണം എന്ന് തലപുകഞ്ഞ് ആലോചിച്ച സംവിധായകന് പെട്ടെന്ന് ബുദ്ധി ഉദിയ്ക്കുന്നു, നായകന്റെ പേരില്‍ നാട്ടിലെ പോസ്റ്റ്‌ ഓഫീസില്‍ ലക്ഷങ്ങള്‍ സമ്പാദ്യം ഉണ്ടത്രേ.. ഇതിലൂടെ സൈക്കിളില്‍ അരി വിറ്റ സൗത്ത് ഇന്ത്യയിലെ ആദ്യ ലക്ഷപ്രഭു എന്ന അംഗീകാരവും നായകന് ലഭിക്കുന്നു! 😀

ശേഷം ഭാഗം ട്രെയിനിലാണ്… തികച്ചും യാദൃശ്ചികമായി നായകന്‍ കയറിയ അതെ ട്രെയിനില്‍, ഒരേ ബോഗിയില്‍, തൊട്ടടുത്ത സീറ്റില്‍ നായികയും എത്തിപ്പെടുന്നു! അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍.. പിന്നീടങ്ങോട്ട് തമാശയുടെ പൂരമാണ്‌! ഹോട്ടല്‍ ആണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്റെ കോമഡി ഒഴികെ ബാക്കിയെല്ലാം പറഞ്ഞ് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചുകളഞ്ഞു നമ്മുടെ ദിലീപേട്ടന്‍!! അങ്ങനെ ഒരുവിധം നാട്ടില്‍ ട്രെയിന്‍ ഇറങ്ങിയപ്പോഴെയ്ക്കും നായികയ്ക്ക് ദിലീപേട്ടനോട്‌ ഏതാണ്ട് 56.5% പ്രേമം വന്നു കഴിഞ്ഞു.. 😛

2

നാട്ടിലെത്തിയാല്‍ ഉടനെ നായകനെ തട്ടിക്കളയാന്‍ കണ്ണില്‍ എണ്ണയും തലയില്‍ പിണ്ണാക്കുമായി ജീവിക്കുന്ന ഒരുപറ്റം ഗുണ്ട ചേട്ടന്മാരുടെ വില്ലന്‍ കുടുംബത്തിലേയ്ക്ക് ചെന്ന് കയറിക്കൊടുക്കുന്ന ദിലീപേട്ടന്റെ കദന-വേദന-പണ്ടാര സീനുകള്‍ക്ക് ശേഷം എടുത്ത് പറയത്തക്കതായുള്ളത് ക്ലൈമാക്സാണ്.. ഒരുപറ്റം ഗുണ്ടകള്‍ നാട്ടില്‍ കിട്ടാവുന്ന അരുവ,കൊടുവാള്‍, വെട്ടിരുമ്പ്, സൈക്കിള്‍ ചെയിന്‍, കുന്തം, കൊടച്ചക്രം എന്നിവയുമായി ദിലീപേട്ടനെ അച്ചാരം മുച്ചാരം ഓടിയ്ക്കുകയാണ്.. ഈ ഓട്ടം കണ്ട് അടുത്ത ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി 100×4 റിലേയില്‍ ഓടാന്‍ താല്‍പര്യമുണ്ടോ എന്ന് ദിലീപേട്ടനോട്‌ സ്പോര്‍ട്സ് കൗണ്‍സില്‍ ചോദിച്ചതായി കേട്ടു!! പിന്നെ സീന്‍ സൈക്കിളിലാണ് ഒരുപറ്റം ഗുണ്ടകള്‍ പിറകില്‍ സ്കോര്‍പ്പിയോയിലും ദിലീപേട്ടന്‍ സൈക്കിളിലും.. ഈ സീന്‍ കണ്ട് മഹീന്ദ്ര കമ്പനി സ്കോര്‍പിയോ പിന്‍വലിച്ച് പകരം സൈക്കിള്‍ ഇറക്കിയാലോ എന്നുവരെ ആലോചിച്ചു.. കാരണം അത്രയ്ക്കാണ് ഈ സീനില്‍ സൈക്കിളിന്റെ പുള്ളിംഗ്!!!! സ്കോര്‍പ്പിയോ ഏഴയലത്ത് പോലും എത്തുന്നില്ല!!! 😉

3

എല്ലാം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകന്‍ തലയില്‍ കൈവച്ച് വായുംപൊളിച്ച് ഇരുന്നു!! അതിനിടയ്ക്ക് ആരോ പറയുന്നത് കേട്ടു, ഇന്റര്‍വെല്ലിനു കപ്പപൊരി വാങ്ങാഞ്ഞത് നന്നായി, ഇല്ലെങ്കില്‍ അതിന്റെ കാശുംകൂടെ പോയേനെ എന്ന്!!!