Malayalam Movie Review – Amar Akbar Anthony

അമര്‍ അക്ബര്‍ അന്തോണി

കളിയും കാര്യവും നിറഞ്ഞ ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയിനറാണീ സിനിമ, പത്ത് വര്‍ഷം “ദേ മാവേലി കൊമ്പത്ത്” എന്ന കാസെറ്റിലൂടെ മലയാളികളുടെ നര്‍മ്മത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ നാദിര്‍ഷയ്ക്ക് രണ്ടര മണിക്കൂര്‍ നമ്മെ ചിരിപ്പിക്കുക എന്നത് പൂ പറിക്കുന്നപോലെ ഈസിയായ ഒരു ജോലിയാണ്!!

Amar-Akbar-Antony-Malayalam-Movie-Photos-13

തങ്ങളുടേതായ മാത്രം ലോകത്ത് ഒതുങ്ങി ജീവിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് അമറും അകബറും അന്തോണിയും, ലോകത്തിന്റെ നടത്തിപ്പ് കാര്യങ്ങളിലോ ആഗോള പ്രശ്നങ്ങളിലോ തെല്ലും പരിഭവവും പരാതിയും ഇല്ലാത്ത മൂന്ന് സുഹൃത്തുക്കള്‍..!! തായിലാന്‍റിലെ പട്ടായ എന്ന നഗരത്തില്‍ പോവുക എന്നത് മാത്രമാണ് ജീവിതലക്ഷ്യം! അതിനായ് സ്വരുക്കൂട്ടി വയ്ക്കുന്ന പണമെല്ലാം ഓരോരോ ആവശ്യങ്ങളില്‍ നഷ്ടമാവുകയും ഓരോ മാസവും പതിവുപോലെ ടൂര്‍ കുളമാവുകയും ചെയ്യും.. അങ്ങനെ രസകരമായ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അപ്രതീക്ഷിതമായ ഒരു ദുരന്തം ഇവരെ തേടിയെത്തുകയാണ്.

ആദ്യ പകുതി പ്രേക്ഷകരെ കുലുക്കി ചിരിപ്പിക്കുന്നതാണെങ്കില്‍ രണ്ടാം പകുതി നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.. നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നവരെ ആവോളം ചിന്തിപ്പിക്കുന്നതാണ് ഈ സിനിമ.. യുവത്വമെന്നത് ആഘോഷങ്ങള്‍ക്ക് മാത്രമല്ല എന്നൊരു ചെറിയ സന്ദേശം കൂടെ തരുന്നതാണീ കഥാന്ത്യം..

ഇന്ദ്രജിത്ത്, പ്രിഥ്വിരാജ്, ജയസൂര്യ എന്നിവര്‍ ക്ലാസ്മേറ്റ്സിന് ശേഷം ഇവിടെ ഒന്നിച്ചപ്പോള്‍ ആരാധകരെ നിരാശപ്പെടുത്തിയില്ല.. അമറായി പ്രിഥ്വിരാജും അക്ബറായി ജയസൂര്യയും, അന്തോണിയായി ഇന്ദ്രജിത്തും തകര്‍ത്തഭിനയിച്ചപ്പോള്‍ ചെറിയ വേഷങ്ങളിലും വലിയ വേഷങ്ങളിലുമായി ഷാജോണ്‍, ശ്രീരാമന്‍, അബു സലിം, ശശി കലിങ്ക, നമിത പ്രമോദ്, ശ്രിന്ദ ആഷാബ് എന്നിവരും തങ്ങളുടെ സാന്നിധ്യം ഗംഭീരമാക്കി..

Amar-Akbar-Antony-movie-01

കോമഡി വേഷങ്ങള്‍ ചേരില്ല എന്നുപറഞ്ഞ വിമര്‍ശകര്‍ക്ക് പ്രിഥ്വിരാജിന്റെ മറുപടിയാണ് ഈ സിനിമ! വിമര്‍ശിക്കാനും ഏറെ ഉണ്ടെങ്കിലും, മനസ്സ് തുറന്ന് ചിരിക്കാനും ടെന്‍ഷനുകള്‍ മറക്കാനും സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല ഈ സിനിമ.

നവാഗതരായ വിഷ്ണുവും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥാകൃത്തുക്കള്‍, പശ്ചാത്തല സംഗീതം ബിജിപാല്‍ ഒരുക്കിയപ്പോള്‍, ഗാനങ്ങള്‍ തിട്ടപ്പെടുത്തിയത് നാദിര്‍ഷ തന്നെയായിരുന്നു!

Amar-Akbar-Anthony-Malayalam-Movie-Stills-Cinema-Daddy-7 copy